ന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു. പാണക്കാട് ജുമാ മസ്ജിദില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാംഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു. രാത്രി വൈകിയും നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
പുലര്‍ച്ചെ രണ്ടരയോടെയാണ് ഖബറടക്കം പൂര്‍ത്തിയായത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇന്ന് രാവിലെ 9 മണിക്ക് നടത്താനിരുന്ന ഖബറടക്കം പുലര്‍ച്ചെ നടത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം നേരത്തെ അവസാനിപ്പിച്ചിരുന്നു.
അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഉദരസംബന്ധമായ അസുഖത്തേത്തുടര്‍ന്നാണ് ഹൈദരലി തങ്ങളുടെ അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഫെബ്രുവരി 22 മുതല്‍ ഐസിയുവിലായിരുന്നു.
നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ സമയത്ത് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സാദിഖലി തങ്ങളുടെ നേതൃത്വത്തിലാണ് ലീഗിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നത്.
കേരളീയ രാഷ്ട്രീയസാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്തയുടെ ഉപാധ്യക്ഷസ്ഥാനം വഹിച്ചു. സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫിന്റെ സ്ഥാപക പ്രസിഡന്റാണ് 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും നിര്യാതരായതോടെ അവരുടെ ചുമതലകള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ടു. 2010 ഒക്ടോബര്‍ രണ്ടിന് മുശാവറ വൈസ് പ്രസിഡന്റായി. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നിവയടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്‌രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍.
0 Comments