കാഞ്ഞങ്ങാട് റെയിൽവെ മേൽപാലം നാടിന് സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ മേൽപാലം നാടിന് സമർപ്പിച്ചു

 


കാഞ്ഞങ്ങാട്: ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു



സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍ വെമേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലെവല്‍ക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള പൂര്‍ത്തിയാക്കും. റെയില്‍വെ സമയബന്ധിതമായി സഹകരിച്ചാല്‍ 2023 ല്‍ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.


ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിയിലേക്കെത്താല്‍ 72 റെയില്‍വെ  മേല്‍പ്പാലങ്ങളാണ് നിര്‍മിക്കാന്‍ പോകുന്നത്. അതില്‍ 66 എണ്ണം കിഫ്ബി പദ്ധതിയാണ്. ആറ് മേല്‍പ്പാലങ്ങള്‍ പ്ലാന്‍ ഫണ്ടിലൂടെയും നിര്‍മിക്കും. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റേത് തടസങ്ങളുണ്ടെങ്കിലും തുടര്‍ നടപടിയിലൂടെ മാറ്റിയെടുത്ത് മുന്നോട്ട് കൊണ്ടുപോയി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം തീരദേശ മേഖലയുടെ പുരോഗതിക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി.  സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ,  മുന്‍ എംപി പി.കരുണാകരന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവര്‍ സംസാരിച്ചു.

ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ ടി.എസ്.സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സതേണ്‍ റെയില്‍വേ സി എ ഒ രാജേന്ദ്ര പ്രസാദ് ജിങ്കാര്‍ റെയില്‍വേ പങ്കാളിത്ത റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.അനീശന്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സബീഷ്, കൗണ്‍സിലര്‍മാരായ എച്ച്.ശിവദത്ത്, എം.ശോഭന, എ.കെ.ലക്ഷ്മി, അനീസ ഹംസ, അജാനൂര്‍ പഞ്ചായത്തംഗം അശോകന്‍ ഇട്ടമ്മല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി.രമേശന്‍, കെ.പി.ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.മുഹമ്മദ് കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.പി.രാജു, രവി കുളങ്ങര, എം.കുഞ്ഞമ്പാടി, ജെറ്റോ ജോസഫ്, ആന്റക്‌സ് ജോസഫ്, മുത്തലിബ് കൂളിയങ്കാല്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രതീഷ് പുതിയപുരയില്‍, പി.ടി.നന്ദകുമാര്‍, വി.കെ.രമേശന്‍, എന്‍.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. ആര്‍ബിഡിസികെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.സുഹാസ് സ്വാഗതവും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എ.അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

സ്വപ്നം ഇനി യാഥാര്‍ഥ്യം

ആവേശ കടലായി കോട്ടച്ചേരി മേല്‍പ്പാല ഉദ്ഘാടനം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മാര്‍ച്ച് ഏഴിന് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പരിസമാപ്തിയായത്. തീരദേശവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷികളാകാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു  ഉദ്ഘാടന ചടങ്ങ്. മന്ത്രിക്കൊപ്പം കോട്ടച്ചേരി പാലത്തിന് മുകളിലൂടെ നടക്കാന്‍ നാടൊരുമിക്കുമ്പോള്‍ അതൊരു ചരിത്രമായി മാറി.

2003 ല്‍ സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണം റോഡ്‌സ് ബ്രിജ്‌സ്  കോര്‍പറേഷനെ ഏല്‍പിച്ചു. 2016 ഡിസംബര്‍ 20 ന് ഭൂമി ഏറ്റെടുക്കാന്‍ 21.71 കോടി രൂപയുടെ ഭരണാനുമതി. 2017 ജൂണ്‍ 30 ന് മേല്‍പ്പാല നിര്‍മാണത്തിനായി 15 കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജിയോ ഫൗണ്ടേഷന്‍ ആന്‍ഡ് സ്ട്രക്ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഉറപ്പിച്ചു. 2018  ഏപ്രില്‍ 14 ന് മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു. അന്ന് റവന്യു മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം എല്‍ എ കൂടിയായ ഇ.ചന്ദ്രശേഖരനാണ് മേല്‍പ്പാലത്തിന് തറക്കല്ലിട്ടത്. സെപ്തംബറില്‍ നിര്‍മാണം ആരംഭിച്ചു. 21 മീറ്റര്‍ നീളമുള്ള 10 സ്പാനും 32.4 മീറ്റര്‍ നീളമുള്ള ഒരു റെയില്‍വേ സ്പാനും ഉള്‍പ്പെടെ ആകെ 11 സ്പാന്‍ ആണ് ഉള്ളത്. രണ്ടു വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് ഉള്‍പ്പെടെ 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയും ഉണ്ട്. പാലത്തിന്റെ ഒരു വശത്ത് 1.5 മീറ്റര്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274 ന് പകരമായാണ്  സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം  നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്.  ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന്  മേല്‍പ്പാലം വേഗം കൂട്ടും. ആര്‍.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42ാമത്തെ റെയില്‍വേ മേല്‍പ്പാലമാണ്  കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം.

Post a Comment

0 Comments