കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

LATEST UPDATES

6/recent/ticker-posts

കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

 


കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്‌ടർ ജാഫറിന് സസ്‌പെൻഷൻ. കെഎസ്ആർടിസി സിഎംഡിയാണ് ജാഫറിനെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവിട്ടത്.


കണ്ടക്‌ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കണ്ടക്‌ടർക്ക് ഗുരുതര വീഴ്‌ച പറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട് സമർപ്പിച്ചിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയത് ഉൾപ്പടെയുളള വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ നടക്കാവ് പോലീസും കേസെടുത്തിട്ടുണ്ട്.


തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്‌സ് ബസിൽ എറണാകുളത്തിനും തൃശൂരിനും ഇടയിൽ വച്ച് അധ്യാപികക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം കെഎസ്ആർടിസിയുടെ വിശ്വാസ്യതക്കേറ്റ മങ്ങലായാണ് കോർപ്പറേഷൻ വിലയിരുത്തൽ. അതിക്രമത്തെ കുറിച്ച് പറഞ്ഞപ്പോൾ അധിക്ഷേപിച്ചായിരുന്നു കണ്ടക്‌ടറുടെ സംസാരമെന്നായിരുന്നു അധ്യാപിക മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടത്.


തുടർന്ന് വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട് സമർപ്പിച്ചു. കണ്ടക്‌ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്‌ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യവിലോപം ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമാക്കി.


യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകേണ്ട കണ്ടക്‌ടർ അത് പാലിച്ചില്ലെന്നും കൃത്യവിലോപത്തിൽ വീഴ്‌ച വരുത്തിയെന്നുമുളള പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്.


ബസിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പോലീസ് തുടങ്ങി. അതിക്രമത്തെക്കുറിച്ച് അധ്യാപിക വനിതാ കമ്മീഷന് ഇ-മെയിൽ മുഖേന പരാതി നൽകി. സംഭവത്തിൽ ബസ് കണ്ടക്‌ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചിരുന്നു.

Post a Comment

0 Comments