ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയെന്ന് പരാതി; കോടതിയുടെ സമയം കളഞ്ഞതിന് 4,000 രൂപ പിഴ

LATEST UPDATES

6/recent/ticker-posts

ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയെന്ന് പരാതി; കോടതിയുടെ സമയം കളഞ്ഞതിന് 4,000 രൂപ പിഴ

 



ബം​ഗളൂരു: റെസ്റ്റോറൻിൽ നിന്ന് ഭക്ഷണം വാങ്ങിയപ്പോൾ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച് പരാതി നൽകിയ ഹർജിക്കാരന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. കോടതിയുടെ സമയം പാഴാക്കിയതിന് പരാതിക്കാരൻ 4,000 രൂപ പിഴയടക്കണമെന്ന് കോടതി ഉത്തരവിട്ടു. ബം​ഗളൂരു സ്വദേശി മൂർത്തിക്കാണ് പിഴ ചുമത്തിയത്. പ്രശസ്തിക്ക് വേണ്ടി മൂർത്തി അനാവശ്യമായി നൽകിയ പരാതിയാണിതെന്ന് കോടതി പറഞ്ഞു. പരാതി നൽകി കോടതിയുടെ വിലപ്പെട്ട സമയം കളയുകയാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.


2021 മെയ് 21നാണ് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്‍റില്‍നിന്ന് ഭക്ഷണം പാർസല്‍ വാങ്ങിയത്. 265 രൂപയുടെ ബില്ലാണ് ജീവനക്കാരന്‍ ഇയാൾക്ക് നൽകിയത്. ആകെ നിരക്ക് 264.60 രൂപയായിരുന്നു. ബിൽ റൗണ്ട് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്. 40 പൈസ കൂടുതൽ ഈടാക്കിയത് എന്തിനാണെന്ന് റെസ്റ്റോറന്റ് ജിവനക്കാരനോട് ചോദിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് മൂർത്തി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.


40 രൂപ അധികം വാങ്ങിയത് കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഒരു രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മൂർത്തിയുടെ പരാതി. എന്നാൽ നിയമ പ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് കോടതി നിരീക്ഷിച്ചു. 50 പൈസയിൽ താഴെയുള്ള തുക ഒഴിവാക്കിയും റൗണ്ട് ഓഫ് ചെയ്യാമെന്നാണ് കർണാടകയിൽ നിയമം പറയുന്നത്.

ബില്ലിലെ തുക 50 പൈസക്ക് മുകളിലായി 60 പൈസയായതിനാലാണ് ഒരു രൂപയാക്കിയതെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ പരാതി അനാവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന് 4,000 രൂപ പിഴ വിധിച്ചു. 30 ദിവസത്തിനുള്ളിൽ 2,000 രൂപ റെസ്റ്റോറന്‍റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവ്.

Post a Comment

0 Comments