കളക്ടറേറ്റില്‍ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ഒരു നിമിഷം പകച്ച് ജീവനക്കാര്‍

LATEST UPDATES

6/recent/ticker-posts

കളക്ടറേറ്റില്‍ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ഒരു നിമിഷം പകച്ച് ജീവനക്കാര്‍




കാസര്‍കോട് കളക്ടറേറ്റില്‍ തീപിടിത്തം ; രക്ഷാപ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മോക്ഡ്രില്‍


രാവിലെ 11 മണിയോടെ കളക്ടറേറ്റില്‍ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ജീവനക്കാര്‍ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്മെന്റും. കളക്ടറേറ്റിലെ പ്രധാന  ബ്ലോക്കിലെ ടെറസില്‍ നിന്നും തീയും പുകയും ഉയര്‍ന്നു. പിന്നെ  രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും പൊലീസും രംഗത്ത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂവിന്റെ തീ അണയ്ക്കാനുള്ള രണ്ട് യൂണിറ്റ് വാഹനങ്ങള്‍ കളക്ടറേറ്റിലെ പ്രധാന കവാടത്തിലേക്ക് ചീറിപ്പാഞ്ഞെത്തി. തുടര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

പ്രധാന ബ്ലോക്കിലെ റവന്യൂ വിഭാഗത്തിലെ 18 സെക്ഷനുകളിലെയും മറ്റ് വകുപ്പുകളിലെയും ജീവനക്കാരെ  കളക്ടറേറ്റിന് മുന്നിലെ അസംബ്ലി പോയിന്റിലേക്ക് മാറ്റി. തീപിടിത്തത്തില്‍ അകപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. മൂന്നാം നിലയില്‍ അകപ്പെട്ട ജീവനക്കാരനായ അഖിലിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേന ചെയര്‍ നോട്ട് സംവിധാനത്തിലൂടെ കയര്‍ ഉപയോഗിച്ച് താഴേക്കെത്തിച്ചു.  പൊള്ളലേറ്റ അഖിലിന് പ്രഥമ ശുശ്രൂഷ നല്‍കി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തീയണയ്ക്കാനും ആള്‍ക്കാരെ ഒഴിപ്പിക്കാനും ഉള്‍പ്പെടെ  പൊലീസും ഫയര്‍ ആന്‍ഡ് റസ്‌ക്യൂവും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം 20 മിനിറ്റോളം നീണ്ടു.


ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്തം സംബന്ധിച്ച് മോക്ഡ്രില്‍ നടത്താനുള്ള  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കളക്ടറേറ്റില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമാകുന്ന വകുപ്പുകള്‍ക്ക് പരിശീലനവും നല്‍കി. ജില്ലാ ഫയര്‍ ഓഫീസര്‍ എടി ഹരിദാസന്‍ , സ്റ്റേഷന്‍ ഓഫീസര്‍ പി വി പ്രകാശ് കുമാര്‍, എസ്ഫ്ആര്‍ഒ പി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനയുടെ 18 അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ കരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും മോക്ഡ്രില്ലില്‍ പങ്കാളികളായി. കാസര്‍കോട് ആര്‍ഡിഒ അതുല്‍ സ്വാമിനാഥ് മോക്ഡ്രില്ലിന്റെ സ്വതന്ത്ര നിരീക്ഷകനായി.


ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് , എഡിഎം എ . കെ രമേന്ദ്രന്‍, എച്ച് . എസ് കെ.ജി  മോഹന്‍,  ദുരന്തനിവാരണ വിഭാഗത്തില്‍ നിന്ന് , ജൂനിയര്‍ സൂപ്രണ്ട് എസ്. സജീവ്,ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്,  കെ സുരേശ, കെ മഹേശന്‍, ദിനൂപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments