2008ന് ശേഷം വാങ്ങിയ വയലുകൾ വീട് വയ്ക്കാൻ നികത്താനാകില്ല: ഹൈക്കോടതി

LATEST UPDATES

6/recent/ticker-posts

2008ന് ശേഷം വാങ്ങിയ വയലുകൾ വീട് വയ്ക്കാൻ നികത്താനാകില്ല: ഹൈക്കോടതി




കൊച്ചി: 2008നു ശേഷം നെൽവയൽ വാങ്ങിയവർക്കു ഭവന നിർമാണത്തിനായി അതു പരിവർ‍ത്തനം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സംസ്ഥാനത്തു പ്രാബല്യത്തിൽ വന്നത് 2008ലാണ്. ഇതിന് ശേഷം നിലം വാങ്ങിയവർക്കാണ് അനുമതി നിഷേധിക്കുക. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ ഇതുസംബന്ധിച്ച് വിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുൾബെഞ്ച് വ്യക്തതവരുത്തിയത്. 


നെൽവയലിന്റെ ചെറിയഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാനായി ഇത് നികത്താനുള്ള അനുമതി നൽകാമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിയമപരമായി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരടങ്ങിയ ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. 


2008ന് മുൻപ് വയലിന്റെ ഉടമയാണെങ്കിൽ മറ്റു ഭൂമി ഇല്ലെങ്കിൽ വീട് നിർമിക്കാൻ വയൽ നികത്താൻ അനുമതി നൽകാൻ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയിൽ 4.4 ആറും (ഒരു ആർ= 2.47 സെന്റ്) മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 2.02 ആറുമാണ് ഇത്തരത്തിൽ നികത്താൻ അനുവദിക്കുക. അതേസമയം ഉടമസ്ഥരെ 2008നു മുൻപുള്ളവരെന്നും 2008നു ശേഷമുള്ളവരെന്നും വേർതിരിക്കുന്നത് വിവേചനമാണെന്ന് ഹർജിക്കാർ വാദിച്ചു. ഹർജിക്കാരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും 2008ലെ നിയമം നിലവിൽ വന്നശേഷം വയൽ വാങ്ങിയവരായിരുന്നു. പൈതൃക സ്വത്ത് ഇഷ്ടദാനം കിട്ടിയ ഒരു ഹർജിക്കാരിയുടെ അപേക്ഷ നിയമപരമായി പരിഗണിക്കാനും കോടതി നിർദേശിച്ചു.

Post a Comment

0 Comments