അസമില്‍ കോണ്‍ഗ്രസിന് ഉറപ്പുണ്ടായിരുന്ന രാജ്യസഭാ സീറ്റും നഷ്ടമായി

LATEST UPDATES

6/recent/ticker-posts

അസമില്‍ കോണ്‍ഗ്രസിന് ഉറപ്പുണ്ടായിരുന്ന രാജ്യസഭാ സീറ്റും നഷ്ടമായി

 




അസമില്‍ കോണ്‍ഗ്രസിന് ഉറപ്പുണ്ടായിരുന്ന രാജ്യസഭാ സീറ്റും നഷ്ടമായി


. രണ്ടു സീറ്റുകളും ബിജെപി സഖ്യം നേടി. കോണ്‍ഗ്രസിന്റെ ഏഴംഗങ്ങൾ കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തത്. ഇന്നലെ രണ്ടു സീറ്റുകളിലേക്കാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ്, യുപിപിഎല്‍ സ്ഥാനാര്‍ഥി റുങ്വ്ര നര്‍സാരി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിപുണ്‍ ബോറ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. 126 അംഗ സഭയില്‍ ബിജെപി സഖ്യത്തിന് 82 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.


ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 43 ഒന്നാം വോട്ടുകള്‍ വേണമായിരുന്നു. ഈ കണക്ക് അനുസരിച്ചെങ്കില്‍ ഒരാളെ മാത്രമെ വിജയിപ്പിക്കാന്‍ ബിജെപി സഖ്യത്തിന് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ 12 പേരാണ് പ്രതിപക്ഷത്തുനിന്നും കൂറുമാറി വോട്ടു ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും ഏഴും എഐയുഡിഎഫില്‍ നിന്ന് അഞ്ചും അംഗങ്ങളാണ് ബിജെപിക്ക് വോട്ടു ചെയ്തത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിപുണ്‍ ബോറ തോല്‍ക്കുകയായിരുന്നു.


ഒരു കോണ്‍ഗ്രസ് എംഎല്‍എ മനപൂര്‍വം വോട്ട് പാഴാക്കി. ബാലറ്റ് പേപ്പറില്‍ ‘1’ എന്നതിന് പകരം ‘വണ്‍’ എന്ന് എഴുതിയതോടയാണ് വോട്ട് പാഴായത്. കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സിദ്ദിഖ് അഹമ്മദാണ് മനപൂര്‍വം വോട്ട് അസാധുവാക്കിയത്. വോട്ട് പാഴായതോടെ അദ്ദേഹത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സിദ്ദിഖ് അഹമ്മദ് ബോധപൂര്‍വം വിപ്പ് ലംഘിച്ചെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.


രണ്ട് രാജ്യസഭാ സീറ്റിലും ബിജെപി സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ പ്രകടിപ്പിച്ചിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസിന്റെ സ്ഥിതി സംസ്ഥാനത്ത് വീണ്ടും പരുങ്ങലിലായി.

കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കം മുമ്പ് ആസാമില്‍ നിന്നുള്ള രാജ്യസഭാ പ്രതിനിധിയായിരുന്നു.


അതേസമയം വലിയ അട്ടിമറികള്‍ നടക്കുമെന്ന് ഉറപ്പായിരുന്ന ആസാമില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ കാര്യമായി ഉണ്ടായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി രാജ്യസഭയില്‍ ദുര്‍ബലപ്പെടുമ്പോള്‍ ജയിക്കാന്‍ കഴിയുമായിരുന്ന ഏക സീറ്റ് കളഞ്ഞു കുളിച്ചതിലും പ്രതിഷേധമുണ്ട്.

Post a Comment

0 Comments