കശുവണ്ടി പെറുക്കാനും ഇനി പൊലീസ്

LATEST UPDATES

6/recent/ticker-posts

കശുവണ്ടി പെറുക്കാനും ഇനി പൊലീസ്


 കണ്ണൂർ: കശുവണ്ടി പെറുക്കലും കേടുപാടുകൾ കൂടാതെ സൂക്ഷിക്കലും ഇനി പൊലീസുകാരുടെ പണി. കണ്ണൂർ ആംഡ് പൊലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാൻ ഓഫിസർമാരെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി കമാണ്ടന്‍റ് ഉത്തരവിറക്കിയത്. ബറ്റാലിയന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളിൽനിന്ന് അണ്ടി ശേഖരിക്കാൻ മൂന്നംഗ കമ്മിറ്റിയും രൂപവത്കരിച്ചു. ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാർട്ടേഴ്സിലെയും ഈ കമ്പനിയിലെയും രണ്ട് ഹവിൽദാർമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

ബറ്റാലിയന്‍റെ അധീനതയിലുള്ള സ്ഥലങ്ങളിൽനിന്ന് കശുവണ്ടി ശേഖരിക്കാൻ നാലു തവണ ലേലം വിളിച്ചിരുന്നു. എന്നാൽ, കശുവണ്ടി ഉൽപാദനത്തിൽ കുറവുവരുകയും വില കുറയുകയും ചെയ്തതോടെ ലേലം ഏറ്റെടുക്കാൻ ആരും തയാറായില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതിനാലും ലേലമെടുക്കാൻ ആളില്ലാതായി. നിലവിൽ പാകമായ കശുമാങ്ങ നിലത്തുവീണ് നശിക്കുകയാണ്.

മഴയിൽ അടിഞ്ഞ് ദുർഗന്ധവും ഉണ്ടാകുന്നുണ്ട്. ഓഫിസർമാരെ കശുവണ്ടി പെറുക്കാൻ നിയോഗിച്ച നടപടിക്കെതിരെ സേനയിൽതന്നെ മുറുമുറുപ്പുണ്ട്. കശുവണ്ടി പെറുക്കൽ ഡ്യൂട്ടിക്ക് പോകുമ്പോൾ യൂനിഫോം ധരിക്കണോ എന്ന് തുടങ്ങിയ ട്രോളുകളും ചോദ്യങ്ങളും പൊലീസുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments