മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച

LATEST UPDATES

6/recent/ticker-posts

മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച




മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.


ശോഷണം സംഭവിച്ച് പോയ ആത്‌മീയ ചൈതന്യത്തിന് ഉത്തേജനം പകര്‍ന്നുകൊണ്ടാണ് മഅ്ദിൻ അധികൃതർ മഹാ പ്രാർഥനാ സംഗമം ഒരുക്കുന്നത്. റമളാന്‍ ഇരുപത്തി ഏഴാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഏപ്രില്‍ 28ന് വ്യാഴാഴ്‌ച വൈകുന്നേരം നാലിന് ആരംഭിച്ച് വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നിന് സമാപിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവുംവലുതും മക്ക, മദീന എന്നിവക്കു ശേഷം ലോകത്ത് ഏറ്റവുമധികം ഇസ്‌ലാമിക വിശ്വാസികള്‍ ഒത്തുകൂടുകയും ചെയ്യുന്ന പ്രാർഥനാവേദി കൂടിയാണിത്.


ആത്‌മീയ സുകൃതങ്ങളാല്‍ ധന്യമാകേണ്ടിയിരുന്ന രണ്ട് റമളാനുകള്‍ കോവിഡ് മഹാമാരിമൂലം നഷ്‌ടമായതിന്റെ തീരാവേദനയിലായിരുന്നു വിശ്വാസി സമൂഹം. ദൈവപ്രീതിക്കായി സഹിച്ചും ക്ഷമിച്ചും ജീവാത്‌മ സമര്‍പ്പണം നടത്തിയുമാണ് ഓരോ വിശ്വാസിയും പുതിയ റമദാനിനെ കാത്തിരുന്നിരുന്നത്. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയുടെയും ജീവിതത്തിലേക്ക് അനുഗ്രഹമായി വന്നെത്തിയ ഈ റമളാന്‍, ഏറെ നന്ദിയോടെ സ്‌മരിക്കാനും ആത്‌മീയ ചൈതന്യങ്ങളാൽ ധന്യമാക്കാനും വഴിയൊരുക്കുകയാണ് മഅ്ദിൻ അധികൃതർ.


ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റമളാന്‍ 27ആം രാവിലാണ് മഅ്ദിനിലെ വിശ്വാസി ലക്ഷങ്ങളുടെ ആത്‌മീയ കൂട്ടായ്‌മ. ഇസ്‌ലാമിക വിശ്വാസിസമൂഹം ഏറ്റവും പുണ്യമായി കരുതുന്ന 27ആം രാവും വെള്ളിയാഴ്‌ച രാവും ഒത്തൊരുമിക്കുന്ന സംഗമമെന്ന പ്രത്യേകത കൂടി ഇത്തവണ ഉള്ളതിനാല്‍ വളരെ വിപുലമായ ഒരുക്കങ്ങളാണ് മഅ്ദിൻ കാമ്പസില്‍ നടന്നു കൊണ്ടിരിക്കുന്നത്. – അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വിശദീകരിച്ചു.

Post a Comment

0 Comments