ഓൺലൈൻ ഗെയിമിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

ഓൺലൈൻ ഗെയിമിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ

 ഓണ്‍ലൈന്‍ ഗെയിമിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് ചൂഷണം ചെയ്യുന്ന യുവാവ് അറസ്റ്റില്‍. ചിത്രം കൈക്കലാക്കിയശേഷം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കണ്ണൂര്‍ പുളിങ്ങോം ചെറുപുഴ തേക്കിന്‍കാട്ടില്‍ വീട്ടില്‍ അഖില്‍ സേവ്യര്‍ (27) ആണ് കുടുങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നതിനിടെയാണ് യുവാവ് പരിചയപ്പെട്ടത്. പിന്നീട് വെര്‍ച്വല്‍ നമ്പറുകളില്‍ നിന്നു വാട്‌സ് ആപ്പ് ഉണ്ടാക്കി പെണ്‍കുട്ടിക്ക് പടങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.


മോര്‍ഫുചെയ്ത ചിത്രം കണ്ടതോടെ പെണ്‍കുട്ടിയുടെ അമ്മയാണ് സൈബര്‍ പോലീസിനു പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനെന്ന പേരില്‍ സൗഹൃദമുണ്ടാക്കി ചാറ്റിങ് നടത്തുന്നതാണ് തട്ടിപ്പുരീതി. പിന്നീട് വാട്‌സ് ആപ്പ് നമ്പര്‍ കരസ്ഥമാക്കി സൗഹൃദമുണ്ടാക്കിയാണ് ചിത്രങ്ങള്‍ ശേഖരിക്കുന്നത്. വീഡിയോകോളുകള്‍ വിളിക്കാനും നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ ഭീഷണിപ്പെടുത്തും. സിറ്റി സൈബര്‍പോലീസ് നടത്തിയ ആസൂത്രിതമായ അന്വേഷത്തിലാണ് കണ്ണൂരില്‍ പ്രതി കുടുങ്ങിയത്.

സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ എ,എ. അഷ്‌റഫ്, എ.എസ്.ഐ: ഫൈസല്‍, സി.പി.ഒമാരായ വിനോദ് ശങ്കര്‍, അനൂപ്, അനീഷ്, വിഷ്ണുകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. കൂടുതല്‍ പേര്‍ ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുണ്ടോ, വിവിധ ഗെയിമുകളുടെ ഘടന എന്നിവ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ഗെയിമുകള്‍ കളിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഗെയിം കളിക്കാന്‍ എന്ന പേരിലും മറ്റും അപരിചിതര്‍ ബന്ധം സ്ഥാപിക്കാന്‍ അനുവദിക്കരുതെന്ന് മുന്നറിയിപ്പു നല്‍കി. ഇത്തരം സംഭവം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments