LATEST UPDATES

6/recent/ticker-posts

434 മീറ്റർ നീളം,​ അഞ്ച് കിലോ ഭാരം; അനുജന്റെ പിണക്കം മാറ്റാൻ ഭീമൻ കത്തയച്ച് സഹോദരി

 



434 മീറ്റർ നീളം,​ അഞ്ച് കിലോ ഭാരം.. എന്നൊക്കെ കേൾക്കുമ്പോൾ കനപ്പെട്ട എന്തെങ്കിലും ഒന്നായിരിക്കും എന്നാകുംനിങ്ങൾ കരുതുക. പക്ഷേ, ഒരു സഹോദരി സഹോദരനയച്ച കത്താണിത്. ഇതൊരു വെറും കത്തല്ല. ഈ ഭീമൻ കത്ത് ലോക റെക്കോർഡ് നേടാനുള്ള കാത്തിരിപ്പിലാണ്. ഇടുക്കി പീരുമേട് സ്വദേശി കൃഷ്ണപ്രിയ ആണ് ഈ നെടുനീളൻ കത്ത് എഴുതിയത്. അന്താരാഷ്ട്ര സഹോദര ദിനമായ (World Brother’s Day) മെയ് 24 ന് സഹോദരന് ആശംസ അറിയിക്കാൻ ക‍ൃഷ്ണപ്രിയക്ക് സാധിച്ചിരുന്നില്ല. ആ നിരാശയാണ് ഇങ്ങനൊരു ഭീമൻ കത്ത് എഴുതുന്നതിലേക്ക് നയിച്ചത്.


സ​ഹോദര ദിനത്തിൽ തനിക്ക് ആശംസ അറിയിക്കാത്തതിനെ തുടർന്ന് സഹോദരൻ ക‍ൃഷ്ണ പ്രസാദ് കൃഷ്ണപ്രിയയോട് പിണങ്ങിയിരുന്നു. തന്നെ സഹോദരനെപ്പോലെ കാണുന്നു എന്നു പറഞ്ഞ് മറ്റുള്ളവർ അറിയിച്ച ആശംസകളുടെ സ്ക്രീൻഷോട്ടുകളും ക‍ൃഷ്ണപ്രസാദ് സഹോദരിക്ക് അയച്ചു കൊടുത്തു. തുടർന്ന് കൃഷ്ണപ്രിയയുടെ കോളുകൾക്കോ മെസേജുകൾക്കോ മറുപടിയും നൽകിയിരുന്നില്ല. വാട്സ്ആപ്പിൽ കൃഷ്ണപ്രിയയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.


എന്നാൽ, സഹോദര ദിനത്തിൽ ആശംസകളറിയിക്കാൻ മറന്നതിനു പകരം തങ്ങൾ തമ്മിലുള്ള ബന്ധം വിസ്തരിച്ചെഴുതാൻ തന്നെ കൃഷ്ണപ്രിയ തീരുമാനിച്ചു, ഒരു കത്തിന്റെ രൂപത്തിൽ.


''എല്ലാ വർഷവും പതിവായി ചെയ്യാറുള്ളതു പോലെ, ഇത്തവണ അവനെ ആശംസയറിയിക്കാൻ എനിക്ക് സാധിച്ചില്ല. ഞങ്ങളുടെ ബന്ധം വളരെ പ്രത്യേകതയുള്ളതാണ്. ഇത്തവണ, എന്റെ ജോലിത്തിരക്കുകൾ മൂലമാണ് അക്കാര്യം മറന്നു പോയത്. അവന്റെ മെസേജുകളും സ്‌ക്രീൻ ഷോട്ടുകളും കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി'', പ്രിയ പറഞ്ഞു.


എഴുതാൻ തുടങ്ങിയപ്പോഴാണ് താനും സഹോദരനും തമ്മിലുള്ള ബന്ധം ഒരു എ4 സൈസ് പേപ്പറിൽ ഒതുങ്ങില്ലെന്ന് അവൾ മനസിലാക്കിയത്. ''എനിക്ക് കുറച്ചധികം പേപ്പറുകൾ ആവശ്യമാണെന്ന് മനസിലായപ്പോൾ, ഞാൻ ഒരു സ്റ്റേഷനറി കടയിൽ പോയി ഒരു കെട്ട് പേപ്പർ വാങ്ങി. മെയ് 25 ന് എഴുതിത്തുടങ്ങി. 12 മണിക്കൂറിനുള്ളിൽ കത്ത് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 15 റോളുകൾ വാങ്ങി ഓരോന്നിലും എഴുതി'', കൃഷ്ണപ്രിയ കൂട്ടിച്ചേർത്തു.


''എന്റെ ജീവിതത്തിൽ അവനെപ്പോലെ ഒരു സഹോദരനെ കിട്ടിയതിൽ എനിക്ക് എത്രത്തോളം സന്തോഷമുണ്ട് എന്ന കാര്യം പ്രകടിപ്പിക്കാൻ വാക്കുകളില്ല എന്നു പറഞ്ഞു കൊണ്ടാണ് എന്റെ കത്ത് ആരംഭിക്കുന്നത്. ഞാൻ ശരിക്കും ഭാഗ്യവതിയാണ്, അവൻ ദൈവത്തിൽ നിന്നുള്ള ഏറ്റവും വലിയ സമ്മാനമാണ്. ഞങ്ങൾ ഒരുമിച്ച് പങ്കിട്ട വിവിധ നാഴികക്കല്ലുകൾ - അവന്റെ ആദ്യ നടത്തം, ആദ്യ ഭക്ഷണം, ഞങ്ങളുടെ ജന്മദിനങ്ങൾ ഒരുമിച്ച് ആഘോഷിച്ചത്, അവന്റെ ഇന്നത്തെ ജീവിതം, ഭക്ഷണത്തിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായുള്ള ജീവിതം അങ്ങനെ പല കാര്യങ്ങളും എഴുതി'', കൃഷ്ണപ്രിയ പറഞ്ഞു. തനിക്ക് ഏഴു വയസ് ഉള്ളപ്പോളാണ് സഹോദരന്റെ ജനനമെന്നും കത്തിൽ പറയുന്നുണ്ട്. അവനെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചുള്ള ഓർമകളും പങ്കുവെയ്ക്കുന്നുണ്ട്.


കത്ത് അയക്കാൻ പോയപ്പോൾ പോസ്റ്റ് ഓഫീസിലുള്ളവർ അത്ഭുതപ്പെട്ടെന്നും തന്റെ കഥ കേട്ട് അവർക്കും ആവേശമായെന്നും ക‍ൃഷ്ണപ്രിയ പറയുന്നു. ഇങ്ങനൊന്ന് സഹോദരൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കത്ത് കണ്ട് അവന് സന്തോഷവും അത്ഭുതവും തോന്നിയെന്നും ക‍ൃഷ്ണപ്രിയ കൂട്ടിച്ചേർത്തു.


ഇതുവരെ എഴുതിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കത്ത് എന്ന റെക്കോർഡിനായി ഗിന്നസ് അധികൃതർക്ക് അപേക്ഷ അയച്ച് കാത്തിരിക്കുകയാണ് ക‍ൃഷ്ണപ്രിയ ഇപ്പോൾ.

Post a Comment

0 Comments