മരുന്നുമാറിനൽകി ഗർഭം അലസിയെന്ന പരാതിയിൽ എടവണ്ണയിലെ മെഡിക്കൽ ഷോപ്പിനെതിരെ കേസെടുത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗം.യുവതിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലുള്ള യുവതിക്ക് ഗുളിക കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.തുടർന്ന് യുവതിയുടെ ഗർഭം അലസി.
പരിശോധനയിൽ യുവതി മരുന്ന് മാറിക്കഴിച്ചതായി ആശുപത്രി അധികൃതർ കണ്ടെത്തി. കടയുടെ വീഴ്ചയാണോ എന്ന് കണ്ടു പിടിക്കുന്നതിനായി അതേ കുറിപ്പടിയുമായി തൊട്ടടുത്ത ദിവസം മരുന്ന് വാങ്ങിയപ്പോൾ വീണ്ടും ഇതേ മരുന്നുതന്നെ നൽകിയതായും പറയുന്നു. റജിസ്റ്റേഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല മരുന്ന് നൽകിയതെന്നു കണ്ടെത്തി.മരുന്നുകൾ, ബില്ലുകൾ, മറ്റ് രേഖകൾ എന്നിവ കസ്റ്റഡിയിലെടുത്തു മഞ്ചേരി സിജെഎം കോടതിയിൽ ഹാജരാക്കി. ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി.നിഷിത്, ഡ്രഗ്സ് ഇൻസ്‌പെക്ടർ ആർ.അരുൺകുമാർ എന്നിവർ ഉൾപ്പെട്ട സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.
0 Comments