മന്ത്രി സജി ചെറിയാൻ രാജിവെച്ചു

LATEST UPDATES

6/recent/ticker-posts

മന്ത്രി സജി ചെറിയാൻ രാജിവെച്ചു

  


 ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.. തിരുവനന്തപുരത്ത് മാധ്യമങ്ങളോടാണ് രാജിവിവരം മന്ത്രി അറിയിച്ചത്.


ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാൻ നടന്നു കയറിയത് സിപിഎമ്മിന്റെ മുന്‍നിര നേതാവെന്ന പദവിയിലേക്കാണ്. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിൽ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കു രക്ഷാപ്രവർത്തകരുടെ ശ്രദ്ധയെത്തിക്കാൻ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു വ്യത്യസ്ത രാഷ്ട്രീയ മുഖമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് ജയിച്ചു കയറിയ സജി ചെറിയാനെ കാത്തിരുന്നത് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനമാണ്. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് അംഗമായി പാർട്ടിയിലും ആലപ്പുഴ ജില്ലയിലും കരുത്തനായി നിൽക്കുമ്പോഴാണ് മന്ത്രി സ്ഥാനത്തുനിന്നുള്ള പടിയിറക്കം.


മന്ത്രി സ്ഥാനം നഷ്ടമായെങ്കിലും പാർട്ടിയിലും ജില്ലയിലും സജി ചെറിയാനുള്ള സ്വാധീനത്തിൽ കുറവുണ്ടാകാന്‍ ഇടയില്ല. ഭരണഘടനയെ വിമർശിച്ചതോടെയാണ് താൽപര്യമില്ലെങ്കിലും പാർട്ടിക്കു സജി ചെറിയാനെ കൈവിടേണ്ടിവന്നത്. ഗവർണറുടെ നടപടിയും കോടതി നടപടികളുമാണ് പാർട്ടി കണക്കിലെടുത്തത്. രാജിവയ്ക്കുന്നതാകും ഉചിതമെന്നായിരുന്നു നിയമോപദേശവും. മല്ലപ്പള്ളിയിൽ നടന്ന യോഗത്തിലെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നില്ല. ഏരിയ കമ്മറ്റിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ പ്രസംഗം വന്നതിനുശേഷമാണ് മാധ്യമങ്ങളിൽ വാർത്തയായത്. വിവാദങ്ങളുണ്ടാക്കാൻ പാർട്ടി നേതൃത്വത്തിൽ ആരെങ്കിലും ഇടപെട്ടോ എന്നും പാർട്ടി പരിശോധിക്കുന്നുണ്ട്.


എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തിച്ചത്. 2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്‌ണുനാഥിനെതിരെ ചെങ്ങന്നൂരിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യമത്സരത്തിൽ തോറ്റ സജിയാണ് പിന്നീട് സിപിഎം വിജയത്തിന് അമരക്കാരനായത്.


കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എതിർ മുന്നണികളുടെ പട്ടികയിൽപ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു അന്ന് ചെങ്ങന്നൂർ. എൽഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂർ 2018 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായ ഇടതു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞത് സജി ചെറിയാനിലൂടെയായിരുന്നു.


രാഷ്ട്രീയം തൊഴിലാക്കാൻ താൽപര്യമില്ലാത്തതിനാൽ എംഎൽഎ ആകുന്നതിനു മുൻപു വരെ എൽഐസി ഏജന്റും കേറ്ററിങ് സർവീസ് നടത്തിപ്പുകാരനും കംപ്യൂട്ടർ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാൻ. കരുണാ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എന്ന നിലയിൽ സാന്ത്വനപരിചരണരംഗത്തു നടത്തിയ നേതൃപരമായ ഇടപെടലുകൾ സജി ചെറിയാന്റെ മറ്റൊരു മുഖം നാട്ടുകാർക്കു മുന്നിൽ വരച്ചുകാട്ടി. എട്ടു വർഷക്കാലം സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി.


എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1995 ൽ മുളക്കുഴ ഡിവിഷനിൽനിന്നു വിജയിച്ചു ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വികസന കാര്യ സ്‌ഥിരംസമിതി അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.


മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫിസർ ടി.ടി. ചെറിയാന്റെയും റിട്ട. അധ്യാപിക പി.വി. ശോശാമ്മയുടെയും മകനായി 1965 ഏപ്രിൽ 12ന് ആണു ജനനം. ക്രിസ്‌ത്യൻ കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു കോളജ് യൂണിയൻ പ്രതിനിധിയായി. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നു സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടി.

Post a Comment

0 Comments