മാല പൊട്ടിക്കല്‍; തമിഴ്‌നാട്ടില്‍നിന്നുള്ള വന്‍സംഘം കേരളത്തില്‍; രണ്ടുപേര്‍ അറസ്റ്റില്‍

മാല പൊട്ടിക്കല്‍; തമിഴ്‌നാട്ടില്‍നിന്നുള്ള വന്‍സംഘം കേരളത്തില്‍; രണ്ടുപേര്‍ അറസ്റ്റില്‍

 



തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഘത്തിലെ രണ്ട് യുവതികളെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ കവിത

(26), കൗസല്യ (23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തിരുവാണിയൂര്‍ കുംഭപ്പിള്ളി പരുത്തിക്കാട്ടില്‍ വിജയന്റെ ഭാര്യ പ്രകാശിനിയുടെ രണ്ട് പവന്‍ മാല 18 ന് തിരുവാങ്കുളം-തൃപ്പൂണിത്തുറ യാത്രാമധ്യേ ബസില്‍ നഷ്ടപ്പെട്ടിരുന്നു.


തൃപ്പൂണിത്തുറ സ്റ്റാന്‍ഡില്‍ ഇറങ്ങവേ കൃത്രിമമായി തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുത്തതാണെന്നും തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് പിന്നില്‍ നിന്നിരുന്നതെന്നും ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നഗരത്തിലെ വിവിധ സി.സി.ടി.വി.കള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ് യുവതികള്‍ അറസ്റ്റിലായത്.ഇവരുടെ ബാഗില്‍നിന്നു പ്രകാശിനിയുടെ സ്വര്‍ണമാലയും പോലീസ് കണ്ടെടുത്തു.


അറസ്റ്റിലായ രണ്ട് യുവതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ ഹില്‍പാലസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.


ആഭരണം കവരുന്ന തമിഴ് സംഘം കേരളത്തില്‍


തൃപ്പൂണിത്തുറ: ബസുകളിലും ക്ഷേത്രങ്ങളിലുമൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ സ്വര്‍ണമാലകള്‍ കവരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള പ്രത്യേക സംഘംതന്നെ കേരളത്തിലുണ്ടെന്ന് പോലീസ്. അറസ്റ്റിലായ തമിഴ് യുവതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പോലീസ് പറഞ്ഞു.


സംഘമായെത്തി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് താമസിക്കുന്ന ഇവര്‍ രണ്ട് പേര്‍ വീതമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താണ് കവര്‍ച്ച നടത്തുന്നത്. തിരക്കുള്ള ബസുകളിലും ആരാധനാലയങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണമാലകള്‍ കവരുന്നതാണ് രീതി.


മോഷണ മുതലുകള്‍ ശേഖരിക്കാന്‍ ഇവരുടെ സംഘത്തലവന്‍മാര്‍ ആഴ്ചയിലൊരിക്കല്‍ കേരളത്തില്‍ എത്താറുണ്ടെന്നും പോലീസ് പറഞ്ഞു. കവര്‍ച്ച ശ്രമത്തിനിടയില്‍ പോലീസ് പിടിയിലായാല്‍ നിയമസഹായത്തിനായി വന്‍ ലോബിതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

Post a Comment

0 Comments