സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്‌വേക്ക് സമീപത്ത് വെച്ചാണ് 16 കാരന്‍ തന്റെ സുഹൃത്തായ പതിനാലുകാരനെപൊട്ടിയ ചില്ല് കുപ്പി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം വിദ്യാര്‍ത്ഥിപോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചോദ്യം ചെയ്യലില്‍ തനിക്ക് പഠിക്കാന്‍ ഇഷ്ടമില്ലെന്നും സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി ഗാസിയാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് (എസ്പി) ഇരാജ് രാജ് പറഞ്ഞു.
സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം തന്റെ മകന്‍ പ്രതിയുമായി പുറത്തേക്ക് പോയതായി ഇരയുടെ പിതാവ് മൊഴി നൽകി. കൊലപാതകത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് എക്‌സ്പ്രസ് വേയ്ക്ക് സമീപത്തുള്ള ഹാപൂര്‍ റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അവര്‍ പിരിഞ്ഞുപോയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും വീടും ഇരയുടെ സഹോദരങ്ങള്‍ക്ക് സൗജന്യ പഠനവും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിനയ് കുമാര്‍ സിംഗ് ഇരയുടെ കുടുംബത്തെ കാണുകയും അവരുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. '' അവര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം വളരെ കൂടുതലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ഞങ്ങള്‍ കൈമാറുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇരയുടെ സഹോദരങ്ങളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഞങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിക്കും. അര്‍ഹതയനുസരിച്ച് അവര്‍ക്ക് വീടും ജോലിയും നല്‍കും, '' സിംഗ് പറഞ്ഞു.
0 Comments