ചട്ടഞ്ചാലിലെ ടാറ്റ ആശുപത്രിഭൂമി ഒരാഴ്ചക്കകം ആരോഗ്യവകുപ്പിന് കൈമാറും

ചട്ടഞ്ചാലിലെ ടാറ്റ ആശുപത്രിഭൂമി ഒരാഴ്ചക്കകം ആരോഗ്യവകുപ്പിന് കൈമാറും

 



കാസർകോട്: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയുടെ ഭൂമി ഒരാഴ്ചക്കകം ആരോഗ്യവകുപ്പിന് കൈമാറും. ആശുപത്രി നിർമിക്കാൻ ഏറ്റെടുത്ത വഖഫ് ഭൂമിക്ക് പകരം ഭൂമി മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്‌സിന് പതിച്ചുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെയാണ് തീരുമാനം. ഭൂമി ഒരാഴ്ചക്കകം ആരോഗ്യവകുപ്പിന് കൈമാറുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. ചട്ടഞ്ചാലില്‍ മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്‌സിന്റെ ഉടമസ്ഥതയിലുള്ള 1.6695 ഹെക്ടറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.


ദേശീയപാത വികസനത്തിന്റെ ഭാഗമായി മാറ്റിയ മിനി, ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ബണ്ടിച്ചാല്‍ ഫ്ലാറ്റ് നിര്‍മാണം നവംബറോടെ പൂര്‍ത്തീകരിക്കുമെന്ന് നവകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.


ഭൂവുടമകളില്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ വിതരണത്തിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ വിസമ്മതപത്രം നല്‍കിയവര്‍ക്ക് പകരം പട്ടയം നല്‍കുന്നതിനും നിക്ഷിപ്ത വനഭൂമിയില്‍ കൈവശരേഖ ലഭിച്ച 150 പേര്‍ക്ക് പട്ടയം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.

Post a Comment

0 Comments