കാഞ്ഞങ്ങാട്ടെ വാതില്‍പ്പടി മാലിന്യം ശേഖരണം ഇനി ആപ്പിലൂടെ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ വാതില്‍പ്പടി മാലിന്യം ശേഖരണം ഇനി ആപ്പിലൂടെ



കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങഴും ഡിജിറ്റലായി. ഡിജിറ്റല്‍ ആപ്പ് വഴിയാകും ഇനി മുതല്‍ ഇവരുടെ വാതില്‍പ്പടി മാലിന്യ ശേഖരണം. അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കല്‍ മുതല്‍ തരംതിരിക്കല്‍, പുന: ചംക്രമണം എന്നിവ ഇനി 'ഹരിതമിത്രം' ആപ്പ് വഴി നിരീക്ഷിക്കാന്‍ സാധിക്കും.    ഹരിതമിത്രം ആപ്ലിക്കേഷന്റെ കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് സ്ഥാപിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ ഓരോ വീട്ടുകാര്‍ക്കും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാനും പ്രശ്‌നങ്ങള്‍ ഫോട്ടോ സഹിതം നഗരസഭയില്‍ അറിയിക്കാനും സൗകര്യമുണ്ട്.

ഡിജിറ്റല്‍ സംവിധാനം വന്നതോടെ അജൈവമാലിന്യശേരണ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുവാനും കാര്യക്ഷമമാക്കാനും കഴിയും. ക്യൂആര്‍ കോഡ് വഴി വീടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നല്‍കിയ ഉപഭോക്തൃ തുക,  ഇത് നല്‍കാത്ത ഉടമകളുടെ വിവരങ്ങള്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പില്‍ ലഭിക്കും.

ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കാനും വരിസംഖ്യ അടക്കുന്നതിനും ആപ്പ് വഴി സാധ്യമാകും. നഗരസഭ നിയോഗിക്കുന്ന പ്രതിനിധികള്‍ സമീപിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നതിനും ഹരിതമിത്രത്തിന്റെ ഭാഗമായി ക്യുആര്‍ കോഡ് സ്ഥാപിക്കുന്നതിനുള്ള സൗകര്യ പ്രദമായ സ്ഥലസൗകര്യം നല്‍കണമെന്നും പതിപ്പിക്കുന്ന മുദ്ര നീക്കം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടിലെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.

ഹരിതമിത്രം ആപ്ലിക്കേഷന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സനോജ് ചിറമ്മല്‍ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ലത, പി.അഹമ്മദലി, കെ.അനീഷന്‍, കെ.വി.മായാകുമാരി, ശുചിത്വ മാലിന്യ സംസ്‌കരണ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.വി.സുജിത് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ സൂര്യജാനകി, സുജനി, കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഗീത, നവകേരള മിഷന്‍ ആര്‍.പി വി.ഗിനീഷ്, ശുചിത്വമിഷന്‍ ആര്‍.പി ടി.വി.ഭാഗീരഥി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷൈന്‍.പി.ജോസ് സ്വാഗതവും നഗരസഭാ സെക്രട്ടറി റോയ് മാത്യു നന്ദിയും പറഞ്ഞു.


Post a Comment

0 Comments