LATEST UPDATES

6/recent/ticker-posts

ലഹരിമുക്തം, ഇത് കൊളവയല്‍ മാതൃകകാഞ്ഞങ്ങാട്: ലഹരിമുക്ത കൊളവയല്‍. ലഹരി എന്ന വിപത്തിനെതിരായ പോലീസ് ആശയത്തിനൊപ്പം ഒരു നാടൊന്നിക്കുമ്പോള്‍ അത് സാമൂഹ്യവിപത്തിനെതിരായ പുതിയ പോരാട്ടവും മാതൃകയുമാകുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്റെ ആശയമാണ് കാഞ്ഞങ്ങാട്ടെ കൊളവയല്‍ എന്ന നാട് ഏറ്റെടുക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന  വിപത്തിനെ തുടച്ചുനീക്കാന്‍ ജനങ്ങളുമായി കൈകോര്‍ക്കുകയാണ് 'ഒരു ക്ലീന്‍ കൊളവയല്‍' പദ്ധതിയിലൂടെ ഹോസ്ദുര്‍ഗ് പോലീസും ജനമൈത്രി പോലീസും.

സാമൂഹിക മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച്  ബോധവത്ക്കരണ പരിപാടികള്‍ വ്യാപകമാക്കുന്നതോടൊപ്പം ലഹരിപദാര്‍ഥങ്ങളുടെ ഉപഭോഗം കൂടുതലായി നടക്കുന്ന ഹൊസ്ദുര്‍ഗിലെ കൊളവയലില്‍ പൊതുജന പങ്കാളിത്തത്തോടെ ലഹരി വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. സ്റ്റേഷന്‍ പരിധിയിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികള്‍, വിവിധ മതവിഭാഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്  300 പേര്‍ അടങ്ങുന്ന ഒരു യോഗം വിളിച്ചു കൂട്ടുകയും ക്ലീന്‍ കൊളവയല്‍ പദ്ധതിയുടെ ഭാഗമായി ഒരു ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു കൊണ്ടാണ് ലഹരിമുക്ത പരിപാടിയുടെ തുടക്കം.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി അംഗങ്ങള്‍ക്ക് വേണ്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കി ഓരോ ആഴ്ചയിലും കൊളവയലിന്റെ ഓരോ പ്രദേശങ്ങളിലും യോഗം വിളിക്കുകയും ചെയ്യുന്നു. യോഗത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെയും വില്‍പ്പന ചെയ്യുന്നവരുടെയും പട്ടിക തയ്യാറാക്കുന്നു. പട്ടിക പ്രകാരം ഓരോ ആളുകളുടെയും വീട്ടില്‍ നേരിട്ട് ചെന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നിലവില്‍ 3000 വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടവരെ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കാനും കൗണ്‍സിലിംഗിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ മൂലം ലഹരി വില്പനയിലേക്ക് നയിച്ചവരെ തിരുത്തി സമൂഹത്തില്‍ മാന്യമായ തൊഴിലുകള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. താക്കീത് നല്‍കിയും, ലഹരി വില്പനകള്‍ തുടരുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളും കൈക്കൊള്ളുന്നു.


സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ അവരെ കുറ്റവാളികളായി സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിലുപരി  ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുക കൂടിയാണ് ലഹരി വിമുക്ത കൊളവയല്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പല പേരിലും രൂപത്തിലുമുള്ള ലഹരിവസ്തുക്കള്‍ ഇന്ന് കുട്ടികള്‍ക്കിടയില്‍ വ്യാപകമായി  കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും സ്നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്നുണ്ട്. അതുപോലെ കൗതുകത്തില്‍ നിന്നും ലഹരിക്കടിമപ്പെടുന്നവരും ഉണ്ട്. തെറ്റായ കൂട്ടുകെട്ടുകള്‍, തെറ്റായ പ്രണയബന്ധങ്ങള്‍ എന്നിവയും ലഹരിയിലേക്ക് നയിക്കുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള  പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അതിനാലാണ് വീടുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സംബന്ധിച്ച നിയമവശങ്ങളും ശാസ്ത്രീയ വശങ്ങളും വിശദമാക്കുന്ന ബോധവത്ക്കരണങ്ങള്‍ നടത്തുന്നത്.


പദ്ധതി വിജയം കണ്ടു തുടങ്ങിയെന്നും ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു പ്രതിരോധ മാര്‍ഗം തീര്‍ക്കുകയാണ് ഏറ്റവും ഫലപ്രദമായ രീതി എന്നും ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ പറഞ്ഞു. കൊളവയലിലെ ജനങ്ങളുടെ പൂര്‍ണ്ണപിന്തുണ പോലീസിന് ലഭിക്കുന്നുണ്ട്. സംശയാസ്പദമായ ആളുകളെ കണ്ടാല്‍ ഉടന്‍ പോലീസിന് വിവരം അറിയിക്കുന്നുണ്ട്. വീടുകളില്‍ നേരിട്ട് ചെന്നുള്ള ബോധവത്ക്കരണ പരിപാടിയായതിനാല്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ എത്തിക്കാനും സാധിക്കുന്നുണ്ട്. മാത്രമല്ല മാതാപിതാക്കള്‍ വീടുകളില്‍ ഒരു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളെ അവര്‍ അറിയാതെ തന്നെ നിരീക്ഷിക്കുകയും ചെയ്യും. ഒരു ക്ലീന്‍ കൊളവയല്‍ പദ്ധതി മാതൃകയായി കണ്ട് ലഹരി ഉപയോഗം വ്യാപകമായ മറ്റു പ്രദേശങ്ങളിലേക്കും ഈ പദ്ധതി  വ്യാപിപ്പിക്കും എന്നും ഡിവൈഎസ്പി പറഞ്ഞു.


Post a Comment

0 Comments