വിദ്യാർഥികളെ നായയിൽനിന്നും രക്ഷിക്കാൻ തോക്കെടുത്ത ടൈ​ഗ​ർ സെ​മീ​റിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

വിദ്യാർഥികളെ നായയിൽനിന്നും രക്ഷിക്കാൻ തോക്കെടുത്ത ടൈ​ഗ​ർ സെ​മീ​റിനെതിരെ കേസ്

 


കാഞ്ഞങ്ങാട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് കൂട്ടുപോയ പിതാവിനെതിരെ കേസ്. കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസെടുത്തിരിക്കുന്നത്. തോക്കുമായി കുട്ടികൾക്കു മുന്നിൽ നടക്കുന്ന സമീറിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു, സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങൾക്കാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്.

മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീർ ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചിരുന്നു. നായ ശല്യം രൂക്ഷമായതോടെ സ്കൂളിലും മദ്രസയിലും പോകാന്‍ കുട്ടികൾ പേടിച്ചതോടെയാണു തോക്കെടുക്കാൻ തീരുമാനിച്ചതെന്നാണ് സമീറിന്റെ ഭാഷ്യം. ലൈസൻസ് വേണ്ടാത്ത തോക്കാണ് പക്കലുള്ളതെന്നും സമീർ ചൂണ്ടിക്കാട്ടിയിരുന്നു. 


അടുത്ത വീടുകളിലെ കുട്ടികൾ സമീറിന്റെ വീട്ടിലെത്തിയശേഷം 9 വയസുകാരിയായ മകളോടൊപ്പമാണു മദ്രസയിലും സ്കൂളിലും പോകുന്നത്. പതിനഞ്ചോളം കുട്ടികൾ ഒരുമിച്ചാണു യാത്ര. പല കുട്ടികളുടെയും പിതാക്കൻമാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാൻ പോകാൻ പേടിയാണെന്നു സമീറിന്റെ മകൾ വീട്ടിൽ പറഞ്ഞു. ഇതോടെയാണ് തോക്കെടുത്ത് സുരക്ഷയൊരുക്കാൻ സമീർ തീരുമാനിച്ചത്. തോക്കുമായി കുട്ടികൾക്കു സുരക്ഷയൊരുക്കുന്ന സമീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ ജില്ലകളിലുള്ളവരും പ്രവാസി മലയാളികളും ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.


ഏറെ നാളായി എയർഗൺ കൈവശമുണ്ടെന്നു സമീർ പറയുന്നു. കൈവശമുള്ള എയർഗൺ ഉപയോഗിച്ചാൽ നായ ചാകില്ലെന്നും പരുക്കേൽക്കാനുള്ള ശക്തിയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയാണ് നായ ശല്യം രൂക്ഷമായതെന്നാണ് സമീർ പറയുന്നത്. കുട്ടികൾക്കും നാട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പുറത്തുനിന്നും നായ്ക്കൾ പ്രദേശത്തേക്ക് എത്തുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് സമീർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സമീറിനെതിരെ കേസെടുത്തത്.

Post a Comment

0 Comments