അജാനൂർ : ശുചിത്വസാഗരം സുന്ദരതീരം അജാനൂർ ഗ്രാമ പഞ്ചായത്ത് തല ജനകീയ ശുചീകരണ യത്നത്തിന്റെ ഉദ്ഘാടനം ഫിഷ് ലാൻഡിങ് പരിസരത്ത് നടന്നു. കാഞ്ഞങ്ങാട് എം എൽ എ ഇ . ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന തീവ്രയജ്ഞ പരിപാടിയാണ് ശുചിത്വ സാഗരം സുന്ദര തീരം. ഇതിലൂടെ കടലും കടൽത്തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. മത്സ്യസമ്പത്തും ആരോഗ്യ സമ്പത്തും വീണ്ടെടുക്കുന്നതിന് മുന്നോടിയായി ജനങ്ങളെ ബോധവത്കരണം നടത്തി ശുചിത്വ സന്ദേശം എത്തിക്കുക എന്നതിന്റെ ഭാഗമായി കേരളത്തിലൊട്ടാകെ സർക്കാരിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.
ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ എന്നിവയുടെ സഹായത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരങ്ങൾ , ബൈക്ക് റാലി , ബോധവൽക്കരണ ക്ലാസ്സുകൾ, കടൽ സംരക്ഷണത്തിനായി പരിസ്ഥിതി പ്രവർത്തകരുടെ കൂടായ്മകൾ, കടലോര നടത്തം , മെഴുകുതിരി ജാഥ , കടൽ സംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ , സന്നദ്ധ പ്രവർത്തകർ , കുടുംബശ്രീ, ഹരിത കർമ്മ സേന തുടങ്ങി വിവിധ മേഖലകളിലുള്ളവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു .
കടലോര ശുചീകരണ യത്നതിന്റെ ഭാഗമായി നാല് പ്രദേശിക സംഘാടക സമിതികളുടെ നേതൃത്വത്തിൽ 5.5 കീലോമീറ്റർ കടൽ തീരം ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളായ കവറുകൾ, ചെരുപ്പുകൾ മറ്റ് ബാഗുകൾ, കുപ്പികൾ തുടങ്ങിയവ പ്രത്യേകം പ്രത്യേകം തരംതിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ യത്ന ഉദ്ഘാടനചടങ്ങിൽ അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. കൃഷ്ണൻ മാസ്റ്റർ, കെ. മീന, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി തമ്പാൻ, എ. ദാമോദരൻ, എം.ജി പുഷ്പ, ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എൻജിനീയർ പി. ആർ. രാജേഷ് എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, തീരദേശ പോലീസ്, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, അമ്പല കമ്മിറ്റി ഭാരവാഹികൾ, വിവിധ ക്ലബ്ബ് പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി മുഴുവൻ നാട്ടുകാരും ശുചീകരണ യത്നത്തിൽ പങ്കാളികളായി
0 Comments