ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനകത്ത് കുട്ടികളുടെ കുഞ്ഞു ഹോണസ്റ്റി കട

LATEST UPDATES

6/recent/ticker-posts

ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനകത്ത് കുട്ടികളുടെ കുഞ്ഞു ഹോണസ്റ്റി കട



കാഞ്ഞങ്ങാട്: സ്‌കൂള്‍ ആവശ്യങ്ങള്‍ക്കുള്ള പേനയും പുസ്തകങ്ങളുമടക്കം ഒരു കുഞ്ഞു സ്റ്റേഷനറിക്കട. കടയുടമകളായി കുട്ടികള്‍. ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലാണ് കുട്ടികളുടെ ഈ ഹോണസ്റ്റി കട പ്രവര്‍ത്തിക്കുന്നത്. ഇനി ഇവിടുത്തെ കുട്ടികള്‍ക്ക് പഠന സാമഗ്രഹികള്‍ വാങ്ങാന്‍ മറ്റു കടകളിലേക്ക് പോകേണ്ട. പെന്‍സില്‍, പേന, നോട്ട് പുസ്തകങ്ങള്‍, കളര്‍ പേന, റബ്ബര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ കടയിലുണ്ട്.

സ്‌കൂളിലെ അസംബ്ലി ഹാളിലാണ് കട ഒരുക്കിട്ടുള്ളത്. സ്റ്റുഡന്റ് പോലീസിന്റെതാണ് ഹോണസ്റ്റി ഷോപ്പ് ആശയം. ഇവിടെ 88 വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിലുണ്ട്. ഇവരുടെ ഫണ്ടില്‍ നിന്നും പണം കണ്ടെത്തിയാണ് കടയിലേക്കുള്ള സാധനം വാങ്ങിയത്. തുടക്കമെന്ന നിലയില്‍ 2000 രൂപയുടെ സാധനങ്ങളാണ് കടയില്‍ വെച്ചത്. ആദ്യ ദിനം 406 രൂപയുടെ സാധനങ്ങള്‍ വിറ്റു പോയി. കളര്‍ പെന്‍സില്‍ തീര്‍ന്ന് പോയതിനാല്‍ കൂടുതല്‍ സ്റ്റോക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

മുതലാളിയോ തൊഴിലാളിയോ ഇല്ലാത്തതിനാല്‍ പണം ഇവിടെയുള്ള പെട്ടിയിലിട്ട ശേഷം വിലക്ക് കണക്കായ സാധനങ്ങളെടുക്കാം. ബാക്കി തുക പെട്ടിയില്‍ നിന്നുമെടുക്കാം. ഓരോ സാധനങ്ങളുടെയും വില വിവരപട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ സത്യസന്ധത പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.  സാധനങ്ങള്‍ക്ക് കടയിലുള്ളതിനെക്കാള്‍ വിലക്കുറവിലാണ് ഹൊണസ്റ്റി ഷോപ്പില്‍ വില്‍പ്പന. ഇടക്കിടെ കുട്ടികള്‍ കടയിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ സ്‌കൂള്‍ കടകൊണ്ട് സാധിക്കും. 1100 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഹോസ്ദുര്‍ഗ് എസ്‌ഐ കെ.പി.സതീഷ്  കട ഉദ്ഘാടനം  ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാല്‍ നഗര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഡോ.എ. വി.സുരേഷ് ബാബു, ജനമൈത്രി പോലീസ് ഓഫീസര്‍ പ്രമോദ്, സീനിയര്‍ അസിസ്റ്റന്റ് ഒ.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ടി.വി.സിന്ധു, ടി.വഹീദത് എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ് മാസ്റ്റര്‍ പി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments