മലപ്പുറം: പത്തു വയസുകാരിയെ പീഡിപ്പിച്ച 68കാരന് പത്തുവർഷം കഠിന തടവ് വിധിച്ച് പോക്സോ അതിവഗ കോടതി. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയ മൊയ്തീനെയാണ് ശിക്ഷിച്ചത്. പത്തുവർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനുമാണ് കോടതി ഉത്തരവ്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാൽ എടുക്കാനായി അയൽവാസിയായ കോയ മൊയിതീന്റെ വീട്ടലെത്തിയ കുട്ടിയെ പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടിയ്ക്ക് മൂന്നു രൂപ നൽകുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലേക്ക് കരഞ്ഞുകൊണ്ടെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കേസിൽ 14 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
പോക്സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക തടവും വിധിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവ്, കുട്ടിയെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചതിന് മൂന്നു വർഷം കഠിന തടവും, 25000 രൂപ പിഴയും, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതിൽ നിന്നും രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു.
0 Comments