ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; സുരക്ഷാ വീഴ്ച സമ്മതിച്ച് എസ്പി; രണ്ട് വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

LATEST UPDATES

6/recent/ticker-posts

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; സുരക്ഷാ വീഴ്ച സമ്മതിച്ച് എസ്പി; രണ്ട് വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

 


ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ എസ്പിയുടെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ വനിതാ പോലീസുകാരായ ഗായത്രി, സുമ എന്നിവരെ സസ്‌പെൻഡ് ചെയ്തു.


തിങ്കളാഴ്ച രാവിലെയായിരുന്നു നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ വെച്ച് ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പ്രതി ഇത്തരത്തിൽ ശ്രമം നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനാൽ സ്റ്റേഷന് ഉള്ളിലെ ശുചിമുറി സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ സ്റ്റേഷന് പുറത്തെ ശുചിമുറിയിൽ കയറിയ ഗ്രീഷ്മ അണുനാശിനി എടുത്ത് കുടിച്ചു. തുടർന്ന് മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചുവെന്ന് തെളിയുകയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവസമയത്ത് സുരക്ഷാ ചുമതലയിലിരുന്ന വനിതാ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

പോലീസിന് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റൂറൽ എസ്പി ശിൽപ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രീഷ്മയുടെ സുരക്ഷാ ചുമതലയ്‌ക്കായി നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ഇതിൽ തിങ്കളാഴ്ച രാവിലെ ചുമതലയേറ്റെടുത്ത രണ്ട് പോലീസുകാർക്കാണ് വീഴ്ച സംഭവിച്ചതെന്നും എസ്പി അറിയിച്ചു.


ശുചിമുറിയിലിരുന്ന ലൈസോൾ ആണ് ഗ്രീഷ്മ കുടിച്ചത്. നിലവിൽ പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് നൽകുന്ന വിവരം. അതിനിടെ ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ മൊഴി വഞ്ചിയൂർ മജിസ്‌ട്രേറ്റാണ് രേഖപ്പെടുത്തിയത്. അണുനാശിനി കുടിച്ച് ചികിത്സയിലായതിനാൽ 24 മണിക്കൂർ ആശുപത്രി നിരീക്ഷണത്തിലാണ് ഗ്രീഷ്മ.

Post a Comment

0 Comments