കാസര്‍കോട്: മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതുവരെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ യോഗം തീരുമാനിച്ചു. 2010ല്‍ ചെമ്പരിക്ക കടപ്പുറത്താണ് ഖാസിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലിസും സി.ബി.ഐയും ഉള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനോ ദുരൂഹത നീക്കാനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചത്. ചെമ്പരിക്ക കടപ്പുറത്ത് സമരം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഹാഷിം ദാരിമി ദേലമ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ടുമാരായ നൂറുദ്ദീന്‍ മൗലവി കുന്നുംകൈ, ഹമീദ് ഫൈസി കൊവ്വല്‍, സെക്രട്ടറിമാരായ അഷ്റഫ് മൗലവി മര്‍ദള, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, അംഗങ്ങളായ മുഹമ്മദ് ഫൈസി ഖജ, ജമാല്‍ ദാരിമി ആലമ്പാടി, സിദ്ദിഖ് അസ്ഹരി പാത്തൂര്‍, അഷ്റഫ് ഫൈസി കിന്നിംഗാര്‍, അര്‍ഷാദ് ഹുദവി എന്നിവര്‍ സംസാരിച്ചു.
0 Comments