അര്‍ജന്റീനയുടെ അതേ 'ഗതി'; ജപ്പാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ജര്‍മനി

LATEST UPDATES

6/recent/ticker-posts

അര്‍ജന്റീനയുടെ അതേ 'ഗതി'; ജപ്പാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ജര്‍മനി

 

ദോഹ: കഴിഞ്ഞ ദിവസം സൗദിഅറേബ്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഉണ്ടായ അതേഗതി ജര്‍മനിയ്ക്കും. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മനിയെ പരാജയപ്പെടുത്തി. 84-ാം മിനിറ്റില്‍ അസാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്.


33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിട്ട് നിന്ന ജര്‍മ്മന്‍ ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് 75-ാം മിനിറ്റിലാണ് ജപ്പാന്‍ സമനില ഗോളടിച്ചത്. റിറ്റ്സു ഡൊവാനാണ് ജപ്പാന്‍ പടയ്ക്ക് വേണ്ടി ഗോളടിച്ചത്. മിനാമിനോയുടെ ഷോട്ട് ന്യൂയര്‍ രക്ഷിച്ചെങ്കിലും പന്ത് നേരെയെത്തിയത് ഡൊവാന്റെ കാലുകളിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ചു. ജര്‍മനിയുടെ പേരുകേട്ട പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ചാണ് ജപ്പാന്‍ ഗോളടിച്ചത്.


 83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ലോങ് ബോള്‍ സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ അസാനോ ന്യൂയറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. 


ജപ്പാനെതിരായ ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. 33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ജര്‍മനിയെ മുന്നിലെത്തിയത്. ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്നാണ് ജര്‍മനിയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. ബോക്സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 


ആദ്യ പകുതിയില്‍ പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിരയെ മികച്ച രീതിയില്‍ പിടിച്ചുകെട്ടാന്‍ ജപ്പാന് സാധിച്ചു. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ജപ്പാനും ജര്‍മനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല.


17-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട തട്ടിയകറ്റി. ജപ്പാന്‍ ബോക്സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി. ജര്‍മനിയുടെ കരുത്ത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച പ്രതിരോധമാണ് ജപ്പാന്‍ ഗ്രൗണ്ടില്‍ തീര്‍ത്തത്.

Post a Comment

0 Comments