ബേക്കൽ: പഞ്ചായത്ത് നിർമാണ ചട്ടങ്ങളും തീരദേശ പരിപാലന നിയമങ്ങളും പാലിക്കാതെയും അനുമതി വാങ്ങാതെയും കെട്ടിടം നിർമിക്കുന്നുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പള്ളിക്കര റെയിൽവേ സ്‌റ്റേഷന് സമീപം തെക്കുപുറം കുഞ്ഞി അഹമ്മദിന്റെ കെട്ടിടമാണ് അനധികൃതമായി നിർമിച്ചതായി വിജിലൻസ് കണ്ടെത്തിയത്. പള്ളിക്കര റെയിൽവേ സ്‌റ്റേഷൻ റോഡരികിൽ പകൽ വിശ്രമ കേന്ദ്രം നിർമിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം ഇയാളുടെ കെട്ടിടനിർമാണത്തിന് തടസ്സമാണെന്ന കാരണംപറഞ്ഞ് മുടക്കി.
ഇയാൾക്ക് ഇരുനില വീട് നിർമാണത്തിന് മാത്രമാണ് പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ നാലുനില പണിയുകയായിരുന്നു. അനധികൃത നിർമാണം ശ്രദ്ധയിൽപെട്ട പഞ്ചായത്ത് അധികൃതർ അധിക നിർമാണം പൊളിച്ചുമാറ്റുന്നതിന് നോട്ടീസും നൽകി. എന്നിട്ടും അനധികൃത നിർമാണം തുടർന്നു.
തുടർന്ന് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി നിർമാണം നിർത്തിവയ്‌പ്പിച്ചു. വീടിന്റെ അഞ്ചാംനിലയിൽ വാട്ടർ ടാങ്ക് വയ്‌ക്കുന്നതിന് നിർമിച്ച വൃത്താകൃതിയിലുള്ള ഒരു നില ഹെലിപാഡിനാണെന്ന് തോന്നിക്കുംവിധമാണുള്ളത്. മുൻവശത്തുള്ള പൊതുമരാമത്ത് സ്ഥലം കൈയേറി ഇന്റർലോക്ക് പാകുകയും ചെങ്കല്ല് കെട്ടുകയും ചെയ്‌തിട്ടുണ്ട്. വിജിലൻസ് പരിശോധനയ്‌ക്ക് അസി. ടൗൺ പ്ലാനർ ടി വി ബൈജു, അസി. സബ് ഇൻസ്പെക്ടർമാരായ വി എം മധുസൂദനൻ, വി ടി സുഭാഷ്ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രഞ്ജിത്കുമാർ, എ വി രതീഷ് എന്നിവരുമുണ്ടായി.ബേക്കൽ:
0 Comments