ജനീവ: നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്ക് നിർമിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുഞ്ഞുങ്ങൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന. അംബ്രോനോൾ സിറപ്പ്, ഡോക് -1 മാക്സ് സിറപ്പ് എന്നിവക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉസ്ബെക്കിസ്താനിൽ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുയർന്ന കഫ് സിറപ്പുകളാണിവ.
ഈ മരുന്നുകൾ ഗുണ നിലവാരം ഇല്ലാത്തവയാണെന്നും സിറപ്പിൽ അനുവദനീയമായതിലും കൂടിയ അളവിൽ വിഷാംശങ്ങളായ ഡൈഎഥിലീൻ ഗ്ലൈകോൾ, എഥിലീൻ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. മരുന്നുകളുടെ ഗുണമേന്മയിലും സുരക്ഷയിലും ഉത്പാദകർ ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.2022 ഡിസംബറിലാണ് ഇന്ത്യൻ കമ്പനിയുടെ മരുന്ന് കഴിച്ച് 18കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്താൻ ആരോഗ്യ മന്ത്രാലയം ആരോപണം ഉന്നയിച്ചത്. ചികിത്സയിലിരുന്ന മറ്റൊരു കുട്ടി പിന്നീട് മരിച്ചു.
മാരിയോൺ ബയോടെക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഗൗതം ബുദ്ധ് നഗർ ഡ്രഗ് ഇൻസ്പെക്ടർ വൈഭവ് ബബ്ബാർ അറിയിച്ചു. ആവശ്യപ്പെട്ട രേഖകളൊന്നും കമ്പനി ഹാരജാക്കാത്തതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. പരിശോധനക്കിടെ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ സംസ്ഥാന ലൈസൻസിങ് അതോറിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments