കാസര്‍കോട്: കഴിഞ്ഞ എത്രയോകാലമായി കേരളത്തില്‍ സജീവ ചര്‍ച്ചയായ വിഷയമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം. പക്ഷേ ഇതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ചുള്ള കൃത്യമായ പഠനങ്ങളും ചര്‍ച്ചകളും കേരളത്തില്‍ നടക്കാറില്ല. അതിലേക്ക് വെളിച്ചം വീശുന്നതായിരുന്നു, കഴിഞ്ഞ ദിവസം എസെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സംവാദം. 'കാസര്‍കോട്ടെ ദുരന്തം യാര്‍ഥ്യമെന്ത്' എന്ന് വിഷയത്തില്‍ നടന്ന സംവാദത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പാഫസര്‍ കെ എം ശ്രീകുമാറും, പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍ സുബ്രമണ്യനുമാണ് മാറ്റുരച്ചത്.
പ്രൊഫ. കെ എം ശ്രീകുമാര്‍, കഴിഞ്ഞ 22 വര്‍ഷമായി ഈ വിഷയത്തില്‍ താന്‍ നടത്തിയ ഗവേഷണങ്ങളുടെ വിശദമായ ഡാറ്റകാണിച്ചുകൊണ്ട് ദുരന്തത്തിന് പിന്നില്‍ എന്‍ഡോസള്‍ഫാന്‍ അല്ല എന്ന് സമര്‍ഥിച്ചു. കാസര്‍കോട്ടെ കാന്‍സര്‍ അടക്കമുള്ള രോഗികളുടെ എണ്ണം ദേശീയ ശരാശരിയിലും സംസ്ഥാന ശരാശരിയിലും വളരെ കൂടുതല്‍ അല്ല. കേരളത്തിലെ പല പഞ്ചായത്തുകളിലും ഇതുപോലെ രോഗികളെ കാണാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടും എന്തുകൊണ്ട് കാസര്‍കോട്ടുമാത്രം ഈ പ്രശ്‌നം ഉണ്ടാവുന്നു, എന്‍ഡോസള്‍ഫാനുമായി നിരന്തരമായ സമ്പര്‍ക്കം ഉണ്ടായിട്ടും ഈ തൊഴിലാളികള്‍ക്ക് അസുഖം ഉണ്ടാവാത്തത് എന്തുകൊണ്ടാണ്, കാസര്‍കോട്ടെ തളിച്ച പഞ്ചായത്തുകളും തളിക്കാത്ത പഞ്ചായത്തുകളും തമ്മില്‍ രോഗങ്ങളുടെ നിരക്കില്‍ കാര്യമായ വ്യത്യാസം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഡോ ശ്രീകുമാര്‍ ചോദിച്ചത്.
കാന്‍സര്‍ മുതല്‍ കാല്‍വിണ്ടുകീറല്‍ വരെ നൂറോളം രോഗങ്ങള്‍ ഒരു കീടനാശിനി ഉണ്ടാക്കുമോ. അങ്ങനെ ആണെങ്കില്‍ വിദേശരാജ്യങ്ങള്‍ അത് തെളിക്കാന്‍ സമ്മതിക്കുമായിരുന്നോ. എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തിയിട്ടും പിന്നെങ്ങനെയാണ് കാസര്‍കോട്ട് രോഗികള്‍ ഉണ്ടാവുന്നത്. എന്‍ഡോസള്‍ഫാന്റെ ഐക്കണായി ചിത്രീകരിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന നാരായണ നായിക്ക്, ജനിച്ചത്, എന്‍ഡോസള്‍ഫാന്‍ തളി തുടങ്ങുന്നതിന് മുമ്പാണ്. ഇങ്ങനെ തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ചവരെപ്പോലും എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ ബാധിക്കുന്നത്. തളി അവസാനിപ്പിച്ചതിനുശേഷവും എന്തുകൊണ്ട് രോഗികള്‍ ഉണ്ടാവുന്നു. ഇത്തരം ചോദ്യങ്ങളാണ് ഡോ ശ്രീകുമാര്‍ ചോദിക്കുന്നത്.
എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകനും ആക്റ്റീവിസ്റ്റുമായ എന്‍ സുബ്രമണ്യനും ഡാറ്റവെച്ച് തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. കാസര്‍കോട് ജില്ലയെ മൊത്തമായി എടുത്ത് താരതമ്യം ചെയ്യുമ്പോഴാണ് ദേശീയ ശരാശരിയേക്കാള്‍ കൂടതലായി രോഗികള്‍ ഇല്ല എന്ന് തോന്നുത് എന്നും, തളിച്ച പഞ്ചായത്തുകള്‍ മാത്രം എടുക്കുമ്പോള്‍ രോഗം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം നടന്നതിയ പഠനങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. എന്‍ഡോസള്‍ഫാന്‍ കൊണ്ട് വിവിധ രോഗങ്ങള്‍ ഉണ്ടാകുന്നതായി, വന്ന പഠനങ്ങളും അദ്ദേഹംഎടുത്തതുകാട്ടി. അതുപോലെ തന്നെ സ്‌റ്റോക്ക്‌ഹോം കണ്‍വെഷനില്‍ അടക്കം എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് പറഞ്ഞ കാരണവും സുബ്രമണ്യന്‍ നിരത്തി. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തവും കൃത്യവുമായ പഠനം ഉണ്ടാകേണ്ടതാണെന്നും, എസെന്‍സ് ഗ്ലോബല്‍ പോലുള്ള സംഘടനകള്‍ അത്തരം പഠനങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നും എന്‍ സുബ്രമണ്യന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ എം റിജു സംവാദത്തിന്റെ മോഡറേറ്റര്‍ ആയിരുന്നു.
ഇന്‍സെപ്ഷന്‍ എന്ന പേരിട്ട ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറിന്റെ ഭാഗമായാണ് സംവാദം നടത്തിയത്. സെമിനാറില്‍, സി രവിചന്ദ്രന്‍, ആരിഫ് ഹുസൈന്‍, ചന്ദ്രശേഖര്‍ രമേഷ്, മനൂജാ മൈത്രി, തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
0 Comments