25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചു

LATEST UPDATES

6/recent/ticker-posts

25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചു



ചിത്താരി: 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ചിത്താരി പുഴക്ക് ഉപ്പ് വെള്ള പ്രതിരോധ തടയണ നിര്‍മ്മിക്കുന്നതിന് നബാഡിന്റെ 2022-23 വര്‍ഷത്തെ RIDF ട്രാഞ്ചെ XXVIII-ല്‍ ഉള്‍പ്പെടുത്തിയാണ് 33.28 കോടി രൂപ അനുവദിച്ചത്.

ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉപയോഗശൂന്യമായിട്ട് 30 വര്‍ഷത്തിലധിമായി. മെക്കാനിക്കല്‍ ഷട്ടറുകള്‍ എല്ലാം നശിച്ച് ഉപ്പ് വെള്ളം കയറി പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, ചിത്താരി പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷി ഭൂമി കൃഷി ചെയ്യാതെ വര്‍ഷങ്ങളായി തരിശായി കിടക്കുന്നു. നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയാന്‍ ഇവിടുത്തെ ജനപ്രതിനിധികളും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന വിഷയമായിരുന്നു. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ കാലത്ത് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കുമ്പോള്‍ ഇതിനോട് ചേര്‍ന്ന് റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം ജനപ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയുക പ്രായോഗികമല്ല എന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഴയ റഗുലേറ്ററിന് മുകളിലായി പുതിയ റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് ഇതിന്റെ അടിസ്ഥാനത്തില്‍ DPR തയ്യാറാക്കി നബാര്‍ഡിന്റെ 2021-22 ലെ RIDF-XXVII (27)ല്‍ ഉള്‍പ്പെടുത്താന്‍ സമര്‍പ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് 2022-23 ലെ RIDF-XXVII (28)ല്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് പുതുക്കിയ DPR തയ്യാറാക്കി വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നബാര്‍ഡ് പ്രവൃത്തികള്‍ കാലതാമസം വരുന്നതിനാല്‍ പ്രൊജക്ടിന് സാങ്കേതീകാനുമതി നല്‍കി സമര്‍പ്പിച്ചാല്‍ മതിയെന്ന ധനകാര്യ വകുപ്പിന്റെ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം പ്രാഥമിക സാങ്കേതീകാനുമതി നല്‍കിയാണ് പ്രൊജക്ട് നബാര്‍ഡിന് സമര്‍പ്പിച്ചത്.

ചിത്താരി പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ കൃഷി സ്ഥലത്ത് ജലസേചനത്തിന് വേണ്ടി വിഭാവനം ചെയ്ത ചിത്താരി റഗുലേറ്റര്‍ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മ്മിക്കുന്നത്. ഇത് ഇരുപഞ്ചായത്തുകളിലേയും 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. കൂടാതെ നിര്‍ദ്ദിഷ്ട കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി ഈ പ്രവൃത്തി വരുന്നതിനാല്‍ ബോട്ടുകള്‍ കടന്ന് പോകുന്ന നാവിഗേഷന്‍ ലോക്കോട് കൂടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നബാര്‍ഡ് സാമ്പത്തികാനുമതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കും. തുടര്‍ന്ന് ആവശ്യമായ ഭേദഗതികളോടെ പുതുക്കിയ സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെണ്ടര്‍ ചെയ്യും. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയോട് ചേര്‍ന്നും കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായും വരുന്ന ഈ പ്രവൃത്തി ടൂറിസം വികസനത്തിനും ഏറെ ഗുണം ചെയ്യും.

12 നദികളാല്‍ അനുഗ്രഹീതമായ ജില്ലയില്‍ വെള്ളം സംഭരിക്കാനുള്ള മേജര്‍ പദ്ധതികള്‍ ഇല്ലാത്തത് വേനല്‍ കാലത്ത് കടുത്ത ജലസേചനം-കുടിവെള്ള ക്ഷാമം നേരിടുന്ന ദയനീയ സ്ഥിതി സബ്മിഷനിലൂടെ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിയമസഭയില്‍ വിശദമാക്കുകയുണ്ടായി. തുടര്‍ന്ന് 2022-23 വര്‍ഷത്തെ ജലവിഭവ വകുപ്പിന്റെ നബാര്‍ഡ് അലോക്കേഷനില്‍ ഈ പ്രവൃത്തിയും ഉള്‍പ്പെടുത്താമെന്ന് മന്ത്രി രേഖാമൂലം ഉറപ്പും നല്‍കി. സംസ്ഥാനത്ത് ജലവിഭവ വകുപ്പ് 2022-23-ല്‍ നബാര്‍ഡ് സാമ്പത്തികാനുമതിക്കായി സമര്‍പ്പിച്ച രണ്ട് പ്രജക്ടുകളില്‍ ഒന്നാണ് നമ്മുടെ ജില്ലക്കായി അനുവദിച്ച് നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങളായി ജില്ലക്കാര്‍ ആവശ്യപ്പെടുന്ന ഒരു പ്രധാന പദ്ധതിക്ക് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

Post a Comment

0 Comments