വേനൽ കടുത്തു , വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യത ; ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്രം

LATEST UPDATES

6/recent/ticker-posts

വേനൽ കടുത്തു , വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യത ; ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്രം

 അടുത്ത രണ്ടുമാസം രാജ്യത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് ഉണ്ടാകരുതെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിനായി വൈദ്യുതി നിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ച് ഉത്തരവും ഇറക്കി.


വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കൽക്കരി വൈദ്യുതി പ്ലാന്റുകൾ 16 മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കണം. എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കൽക്കരി സൂക്ഷിക്കണം. കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾ ലഭ്യമാണെന്ന് റെയിൽവേ കേന്ദ്രത്തെ അറിയിച്ചു. വൈദ്യുതി ആവശ്യം വീണ്ടും വർദ്ധിച്ചാൽ എൻ.ടി.പി.സിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

കഴിഞ്ഞ വർഷം കൽക്കരി ഖനനത്തിലെ പ്രശ്നങ്ങളാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയത്. ഇക്കുറി പ്രതീക്ഷിച്ചതിലേറെ ഉപഭോഗവും. പ്രതിസന്ധി മറികടക്കാൻ 40 ദശലക്ഷം ടൺ കൽക്കരി സംഭരിച്ചെങ്കിലും ഫെബ്രുവരിയിലെ ഉത്പാദനം കൊണ്ട് തന്നെ അത് 31ദശലക്ഷമായി കുറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ദശലക്ഷം ടൺ കൽക്കരി വേണ്ടിവരും. ഇതോടെയാണ് പ്രതിസന്ധി ആസന്നമായത്.


ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്ന ഒാപ്പൺ സോഴ്സിൽ കേന്ദ്രം രണ്ടുതരം വിപണി തുറന്നതിൽ സംസ്ഥാനങ്ങൾക്ക് ആശങ്കയുണ്ട്. ഇതുവരെ യൂണിറ്റിന് 12രൂപയായിരുന്നു പരിധി.എന്നാൽ നാഫ്ത, ഇറക്കുമതി ചെയ്ത കൽക്കരി എന്നിവ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന മേന്മ കൂടിയ വൈദ്യുതി വിൽക്കാൻ വേറൊരു വിപണിക്ക് കൂടി കേന്ദ്രം അനുമതി നൽകി. അവിടെ യൂണിറ്റിന് 50രൂപ വരെ ഇൗടാക്കാം. ക്ഷാമം രൂക്ഷമായാൽ ഇത്രയേറെ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നാണ് ആശങ്ക.

സംസ്ഥാനത്തും ഉപയോഗംകുതിക്കുന്നുവേനൽ കനത്തതോടെ സംസ്ഥാനത്തും വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 88.20 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. ഇടുക്കി അണക്കെട്ടിൽ 47% മാത്രമാണ് വെള്ളം. ആറു വർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വർഷം ഇതേസമയം 70 % വെള്ളമുണ്ടായിരുന്നു. പ്രധാന ഡാമുകളിലെല്ലാം കൂടി 51% വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉപഭോഗം 92.88 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. ജലസംഭരണികളിൽ ദിവസം 15.7ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉത്പാദനം. ബാക്കി വൈദ്യുതി പുറമെ നിന്ന് കൊണ്ടുവരികയാണ്. ഇതിന് കൂടിയ വില നൽകേണ്ടതിനാൽ ഉപഭോഗം കുറച്ചില്ലെങ്കിൽ നിരക്ക് കൂട്ടേണ്ടി വരും."രണ്ടുമാസവും പവർകട്ട് ഉണ്ടാകില്ല. ജലവൈദ്യുതിയും കരാർ വൈദ്യുതിയും ഫലപ്രദമായി വിനിയോഗിച്ച്, വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ശ്രമം. രാത്രി 7 മുതൽ 11വരെ ഉപഭോഗം കുറച്ച് ജനങ്ങളും സഹകരിക്കണം"


Post a Comment

0 Comments