കൊയിലാണ്ടി: കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു.
ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത അഹമ്മദ് ഹസന്‍ റിഫായി പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
ഒട്ടേറെ പേരില്‍നിന്നു മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കൊലപാതമെന്ന് സ്ഥിരീകരിച്ചത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍. കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ്, സി.ഐ. കെ.സി. സുബാഷ് ബാബു, എസ്.ഐ. വി. അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
അസ്മയാണ് മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
0 Comments