ഗഫൂറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി

LATEST UPDATES

6/recent/ticker-posts

ഗഫൂറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി

 




പൂച്ചക്കാട്  : പ്രവാസി വ്യവസായിയുടെ ദുരൂഹ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി. കാഞ്ഞങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിൽ ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, ഇൻസ്പെക്ടർ യുപി വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ  കോളജ് ആശുപത്രിയിലെ പൊലീസ് സർജനാണ് പൂച്ചക്കാട് ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഖബർ തുറന്ന് പോസ്റ്റ് മോർടം നടത്തുന്നത്. പൊലീസിൻ്റെ അപേക്ഷയിൽ ആർ ഡി ഒ പോസ്റ്റ് മോർട്ടത്തിന് അനുമതി നൽകുകയായിരുന്നു.

പൂച്ചക്കാട് കീക്കാനം പൂച്ചക്കാട് ഫാറൂഖ് മസ്ജിദിനടുത്തെ ബൈതുൽ റഹ്‍മയിലെ എംസി അബ്ദുൽ ഗഫൂറിന്റെ (55) മരണത്തിലാണ് ദുരൂഹത ഉയർന്നത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ 26, നൽകിയ പരാതിയിലാണ് ബേക്കൽ പോലീസ് അന്വേഷണമാരംഭിച്ചത്.


ഏപ്രിൽ 14-ന് പുലർച്ചെ 5 മണിക്കാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ട് ഫാറൂഖി മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 612 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഇരട്ടിച്ചത്.


ഷാർജ്ജയിൽ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ ഉടമയായ അബ്ദുൾ ഗഫൂർ ഹാജി പെരുന്നാൾ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം മകൻ, മകന്റെ ഭാര്യ, സഹോദരി എന്നിവരുടെ  സ്വർണ്ണാഭരണങ്ങൾ വാങ്ങിവെച്ചിരുന്നു. അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിന് തലേദിവസം ഉദുമ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനിയായ മന്ത്രവാദിനി ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നതായി സൂചനയുണ്ട്.


ജിന്ന് എന്ന പേരിലറിയപ്പെടുന്ന ഇവരുടെ സന്ദർശനം നടന്നതിന് പിറ്റേന്നാണ് അബ്ദുൾ ഗഫൂർഹാജിയെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നതും നാട്ടുകാരിൽ സംശയമുയർത്തിയിട്ടുണ്ട്. സ്വർണ്ണ ഇരട്ടിപ്പിന്റെ പേരിൽ നടന്ന തട്ടിപ്പാണ് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാർ സംശയിക്കുന്നു.


Post a Comment

0 Comments