ഒരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ഇഴഞ്ഞ് നീങ്ങുകയും തലപൊക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അല്ലേ? എന്നാൽ, തന്റെ കുഞ്ഞ് അങ്ങനെ ചെയ്തത് കണ്ട് ഞെട്ടിപ്പോയി എന്നാണ് ഇവിടെ ഒരു അമ്മ വെളിപ്പെടുത്തുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിക്കുകയും ചെയ്തു.
ജനിച്ച് വെറും മൂന്ന് ദിവസം ആയപ്പോൾ തന്നെ ഇഴയാൻ തുടങ്ങുകയും തല മുകളിലേക്ക് ഉയർത്തി ശരീരത്തെ താങ്ങിനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന മകൾ നൈല ഡെയ്‌സ് സബാരിയെ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് അമ്മ സാമന്ത മിച്ചൽ പറയുന്നത്.
താൻ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അവരെന്തായാലും ഇത് വിശ്വസിക്കാൻ പോകുന്നില്ല എന്ന് തോന്നിയതിനാൽ തന്നെ ഉടൻ തന്നെ സാമന്ത ഫോൺ എടുത്ത് അത് റെക്കോർഡ് ചെയ്യാൻ തുടങ്ങി. ഒരു മിനിറ്റോളം മകൾ തല ഉയർത്തിപ്പിടിച്ച് നിന്നു എന്നാണ് അവൾ പറയുന്നത്.
യുഎസിലെ പെൻസിൽവാനിയയിലെ വൈറ്റ് ഓക്കിൽ നിന്നുള്ളയാളാണ് സാമന്ത, ഞാൻ ആദ്യമായി അവൾ ഇഴയുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ ബേബി സിറ്ററായിരുന്നിട്ടുണ്ട്. കുട്ടികളുമായി 20 വർഷത്തിലേറെ പരിചയമുണ്ട്. എന്റെ ജീവിതത്തിൽ അന്നേവരെ ഞാനിങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല എന്നാണ് സാമന്ത പറയുന്നത്.
സാധാരണയായി ഒമ്പത് മാസം പ്രായമെത്തുമ്പോഴാണ് കുട്ടികൾ ഇഴഞ്ഞു നീങ്ങാൻ തുടങ്ങുന്നത്. എന്നാൽ, മൂന്ന് മാസം പ്രായമായപ്പോൾ തന്നെ നൈല ആരുടെയെങ്കിലും സഹായമുണ്ടെങ്കിൽ നിൽക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ അവൾ നടന്നും തുടങ്ങും എന്നാണ് സാമന്ത പറയുന്നത്. എന്നാലും, എല്ലാ കുഞ്ഞുങ്ങളെയും പോലെ തന്റെ മകളും ഇഴയലും നടക്കലും ഒക്കെ പയ്യെ മതിയായിരുന്നു എന്നാണ് സാമന്ത പറയുന്നത്.
0 Comments