ടൂറിസത്തിന് പുതിയ മുഖം; സൗദിയിലേക്കും ഒമാനിലേക്കും ഒരു വിസ മതി

LATEST UPDATES

6/recent/ticker-posts

ടൂറിസത്തിന് പുതിയ മുഖം; സൗദിയിലേക്കും ഒമാനിലേക്കും ഒരു വിസ മതി


റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് അതിവേഗമാണ്. ജോലി, വിസ, ജീവിത നിലവാരം, ടൂറിസം എന്നീ രംഗങ്ങളിലെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം സൗദി അറേബ്യയിലേക്കും ഒമാനിലേക്കും ഒരു വിസയില്‍ പോകാന്‍ സാധിക്കുമെന്നാണ്. പുതിയ വിസ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദമായ ചര്‍ച്ച നടന്നു.

ടൂറിസം മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ഒരു വിസയില്‍ തന്നെ രണ്ട് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്നത് ടൂറിസ്റ്റുകള്‍ക്ക് വളരെ നേട്ടമാകും. ഓരോ രാജ്യങ്ങള്‍ക്കും ഓരോ വിസ എടുക്കേണ്ടി വരുന്നത് നിലവില്‍ ടൂറിസ്റ്റുകള്‍ നേരിടുന്ന പ്രയാസമാണ്. എന്നാല്‍ ഇനി മുതല്‍ നടപടികള്‍ ലളിതമാകാന്‍ പോകുന്നു.ഒമാന്റെയും സൗദി അറേബ്യയുടെയും ടൂറിസം മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ടൂറിസം മേഖലയില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായത്. പരസ്പരം സഹകരിച്ച് മുന്നേറിയാല്‍ ടൂറിസം രംഗം പരിപോഷിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രിമാര്‍ വിലയിരുത്തി. അവിടെയാണ് ഇരുരാജ്യങ്ങളിലേക്കും ഒരു വിസ എന്ന ചര്‍ച്ച വന്നത്.


സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖാത്തിബും ഒമാന്‍ ടൂറിസം മന്ത്രി സലീം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂരിയുമാണ് ചര്‍ച്ച നടത്തിയത്. രണ്ട് കാര്യങ്ങളാണ് ചര്‍ച്ചയില്‍ ശ്രദ്ധ നേടിയത്. ഒന്ന് ഇരുരാജ്യങ്ങളിലേക്കും ഒരു വിസ മതി എന്നതാണ്. മറ്റൊന്ന് സംയുക്ത ടൂറിസം കലണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതാണ്. ടൂറിസ്റ്റുകളുടെ സൗകര്യം പരിഗണിച്ചാണ് ഇത്തരം നീക്കങ്ങള്‍.ഒരു വിസ സമ്പ്രദായം നടപ്പായാല്‍ തദ്ദേശീയര്‍ക്കും വിദേശികള്‍ക്കുമെല്ലാം നേട്ടമാകും. ബിസിനസ് ആവശ്യാര്‍ഥം ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഒട്ടേറെ പ്രവാസികള്‍ എത്താറുണ്ട്. കൂടാതെ വിനോദ സഞ്ചാരത്തിനും. ഇവര്‍ക്ക് പ്രത്യേകം വിസ എടുക്കാതെ തന്നെ സൗദിയും ഒമാനും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് വരുന്നത്. ഒരുപക്ഷേ, കൂടുതല്‍ ജിസിസി രാജ്യങ്ങള്‍ ഈ വിസാ സമ്പ്രദായം നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി 2023-2030 എന്ന പദ്ധതി ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിമാരുടെ ചര്‍ച്ച നടന്നത്. അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഈ പദ്ധതി. ടൂറിസം കലണ്ടര്‍ വൈകാതെ പുറത്തിറക്കാന്‍ സൗദിയും ഒമാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലെയും വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് എളുപ്പ വഴി ഒരുക്കും.ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ പല കാര്യങ്ങളിലും ഏകീകരണം നടപ്പാക്കണം എന്ന ചര്‍ച്ച ഏറെ നാളായി. ഒരു റെയില്‍വെ ശൃംഖല സ്ഥാപിക്കണം, ഒറ്റ വിസയില്‍ ജിസിസിയിലെ ആറ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. വിനോദ സഞ്ചാരത്തിന് സൗദി ഉള്‍പ്പെടെയുള്ള ആറ് ജിസിസി രാജ്യങ്ങളും ഇപ്പോള്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്. എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

Post a Comment

0 Comments