കടലാക്രമണം രൂക്ഷം; അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

LATEST UPDATES

6/recent/ticker-posts

കടലാക്രമണം രൂക്ഷം; അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

 


ബേക്കല്‍: ഇന്നലെ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തൃക്കണ്ണാട് മത്സ്യ ബന്ധന സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം ഉള്‍പ്പെടെ കടലെടുത്ത പ്രദേശം ജില്ലാ അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രദേശത്ത് ഇന്നും റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കെ.എസ്.ടി.പി റോഡില്‍ തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്‍വശത്തെ റോഡ്് നൂറുക്കണക്കിനാളുകള്‍ ഉപരോധിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ജില്ലാ കലക്ടര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രദേശത്ത് എത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ റോഡില്‍ നിന്നിറങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ ഇന്ന് രാവിലെ തച്ചങ്ങാട് വഴിയാണ് കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുപോയത്.

തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായിട്ടും തീരദേശവാസികളെ അധികൃതര്‍ സംരക്ഷിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ഇന്നലെ വൈകിട്ടും റോഡ് ഉപരോധിച്ചിരുന്നു.

കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം 11 വര്‍ഷം മുമ്പ് നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണ് ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്നത്. മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് വലയും യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനായിരുന്നു ഈ കെട്ടിടം ഉപയോഗിച്ചിരുന്നത്. കെട്ടിടത്തിലെ രണ്ട് മുറികള്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. അവശേഷിച്ച ഭാഗമാണ് ഇന്നലെ വൈകിട്ട് തിരമാലകള്‍ അടിച്ചുകയറി തകര്‍ന്നത്. ഇനി അവശേഷിക്കുന്നത് പിറകിലെ ഭിത്തിയുടെ ചെറിയൊരു ഭാഗം മാത്രമാണ്.

നാട്ടുകാരുടെ ഉപരോധത്തെ തുടര്‍ന്ന് ഇന്നലെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. അതിനിടെ പൊലീസെത്തി സമരക്കാരെ അനുനയിപ്പിക്കുകയായിരുന്നു. ജില്ലാ അധികൃതര്‍ പ്രദേശം സന്ദര്‍ശിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഇന്നലെ പ്രതിഷേധക്കാര്‍ പിരിഞ്ഞത്. ഇന്ന് രാവിലെയും അധികൃതര്‍ എത്താത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

Post a Comment

0 Comments