ബിരിക്കുളം: വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളത്ത് പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് ഫയർ ആന്റ് റസ്ക്യൂ ഡയറക്ടർ ജനറലിന്റെ റിപ്പോർട്ട് തേടി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യം അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറി കെ.രാജേന്ദ്രൻ ചെട്ടിയാർ ഇ.ചന്ദ്രശേഖരൻ എം.എൽ.എ യെ അറിയിച്ചു. ഇതു സംബന്ധിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
2020 ഒക്ടോബറിൽ അഗ്നിശമനസേനാ കേന്ദ്രത്തിന് സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ ഒന്നരേക്കർ സ്ഥലം സന്ദർശിച്ചിരുന്നു. ഓഫീസിനു പുറമേ ക്വാർട്ടേഴ്സ് ഉൾപ്പെടെ സ്ഥാപിക്കാനാണ് ആലോചന. ആവശ്യമായ റോഡ്, ജല സൗകര്യങ്ങൾ ഉണ്ടെന്ന് അന്ന് സന്ദർശക സംഘം വിലയിരുത്തിയിരുന്നു. ഇവിടെ അഗ്നിശമനസേനാ കേന്ദ്രം വന്നാൽ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകൾക്കും ഗുണം ലഭിക്കും. നിലവിൽ കാഞ്ഞങ്ങാട്, പെരിങ്ങോം എന്നീ കേന്ദ്രങ്ങൾ മാത്രമാണ് ആശ്രയം.
0 Comments