ബേക്കല്‍ മയക്കുമരുന്ന് കേസിലെ മുഖ്യക്കണ്ണി പിടിയിൽ; അറസ്റ്റിലായത് നേരത്തെ പിടിയിലായ നൈജീരിയൻ യുവതിയുടെ ബോസ്

LATEST UPDATES

6/recent/ticker-posts

ബേക്കല്‍ മയക്കുമരുന്ന് കേസിലെ മുഖ്യക്കണ്ണി പിടിയിൽ; അറസ്റ്റിലായത് നേരത്തെ പിടിയിലായ നൈജീരിയൻ യുവതിയുടെ ബോസ്
കാസര്‍കോട്:  ബേക്കല്‍ മയക്കുമരുന്ന് കേസില്‍ നേരത്തെ പിടിയിലായ നൈജീരിയന്‍ യുവതിയുടെ ബോസും അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി മോസസ് പാണ്ടെ (33) ആണ് അറസ്റ്റിലായത്. ബാംഗ്ലൂരിലെ  താമസസ്ഥലത്തുനിന്നാണ് പ്രതി പിടിയിലായത്.


കേരളത്തിലേക്കും പ്രത്യേകിച്ച് കാസറഗോഡേക്ക്‌  എം.ഡി.എം.എ കടത്തുന്ന സംഘത്തില്‍പെട്ട നൈജീരിയന്‍ സ്വദേശിനിയും ബാംഗ്ലൂരിൽ താമസക്കാരിയുമായ ഹഫ്‌സ റിഹാനത് ഉസ്മാന്‍ എന്ന ബ്ലെസിങ് ജോയി (22) യെ ഒന്നര മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് മോസസ് പാണ്ടെ ആന്നെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. 

കാസറഗോഡ് ജില്ലാ പോലിസ് മേധാവി ഡോ : വൈഭവ് സക്സേന IPS ന്റെ  പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് മയക്കുമരുന്നിന്റെ മുകള്‍തട്ടിലുള്ളവരെ തന്നെ കണ്ടെത്തി വേരറുക്കാനുള്ള ശ്രമം നടത്തി വരുന്നത്.


മോസസ് പാണ്ടെയുടെ  വാട്‌സ് ആപ് നമ്പര്‍ മാത്രമാണ് പൊലീസിന്റെ കൈയ്യില്‍ ഉണ്ടായിരുന്നത്. ബേക്കല്‍ DySP സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മയക്കുമരുന്ന് റാകറ്റിലെ ബോസായ മോസസ് പാണ്ടെയെ പിടികൂടാന്‍ കഴിഞ്ഞത്. 

 കാസര്‍ഗോടേക്ക് ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ ബോസാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.


 ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് കാറില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം എ അബൂബക്കര്‍ (37), ഭാര്യ എം എ ആമിന അസ്ര (23),  ബെംഗ്‌ളൂരു ഹെന്നൂര്‍ കല്യാണ്‍ നഗറിലെ എ കെ വാസിം (32), ബെംഗ്‌ളൂരു ഹാര്‍മാവിലെ പി എസ് സൂരജ് (31) എന്നിവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എംഡിഎംഎ തങ്ങള്‍ക്ക് ലഭിച്ചത് ബെംഗ്‌ളൂറില്‍നിന്നാണെന്ന് മൊഴി നല്‍കിയത്.  


ബാംഗ്ലൂരിലെ വീടിന് സമീപത്തുവച്ചാണ് യുവതി നേരത്തേ പിടിയിലായത്. വിദ്യാര്‍ഥി വിസയിലാണ് യുവതി ബാംഗ്ലൂരിലെത്തിയത്. നൈജീരിയന്‍ യുവതി റിമാന്‍ഡിലായി ജയിലിലാണ്. ഇപ്പോള്‍ അറസ്റ്റിലായ നൈജീരിയന്‍ യുവാവിന്റെ അറസ്റ്റ് വിവരം നൈജീരിയന്‍ എംബസിയില്‍ അറിയിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ഡിവൈഎസ് പി സി കെ സുനില്‍ കുമാര്‍ പറഞ്ഞു.

അന്വേഷണസംഘത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്‍, എസ് ഐ കെ എം ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ബാബു, രഞ്ജിത്ത്, ദീപക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നികേഷ്, നിശാന്ത് എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments