ഇതര മഹല്ലുകൾക്ക് മാതൃകയായി കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ

LATEST UPDATES

6/recent/ticker-posts

ഇതര മഹല്ലുകൾക്ക് മാതൃകയായി കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ



അജാനൂർ : വ്യത്യസ്ത കൂട്ടായ്മയിലൂടെ വ്യത്യസ്ത പ്രവർത്തനവുമായി ശ്രദ്ധ നേടുകയാണ് 'കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മ'.കൊളവയൽ മഹല്ലിലെ സ്ത്രീ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് ഒരു കൂട്ടായ്മ രൂപീകരിക്കുകയും ജമാഅത്തിന്റെ നിർദേശങ്ങളും മഹല്ല് അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും ഗവ : സേവനങ്ങളും സ്ത്രീകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ വെള്ളിയാഴ്ച ജുമുഅ യുമായി ബന്ധപ്പെട്ട് കൊളവയൽ മസ്ജിദിൽ നടക്കുന്ന ഉദ്ബോധന ക്ലാസുകൾ റെക്കോർഡ് ചെയ്ത് കൂട്ടായ്മ അംഗങ്ങൾക്ക് കേൾക്കുവാനുള്ള സൗകര്യവും ഒരുക്കുന്നു.കൂടാതെ അത്യാവശ്യ സാഹചര്യങ്ങളിൽ അർഹതപ്പെട്ടവർക്ക് കൂട്ടായ്മയിലെ അംഗങ്ങൾ കഴിയുന്ന സാമ്പത്തിക സഹായങ്ങളും ചെയ്യാറുണ്ട്. നിശബ്ദമായി ആരും അറിയാതെ, വാർത്തകളില്ലാതെ, ഫോട്ടോകൾ ഇല്ലാതെ ഇങ്ങനെ ഒരുപാട് പ്രവർത്തനങ്ങൾ ഇത് വരെ കൂട്ടായ്മ നടത്തിയിട്ടുണ്ട്.വിവാഹ ധനസഹായവും വിദ്യാഭ്യാസ സഹായവും ഇതിൽ ഉൾപ്പെടുന്നു. മൂന്നു വർഷം പൂർത്തിയാവുമ്പോൾ ഇതിനകം തന്നെ മാതൃകപരമായ  പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.ഈ സംഘടനയുടെ പ്രവർത്തനം ഇപ്പോൾ മറ്റുള്ളവർ അറിഞ്ഞത് സംസ്ഥാന മുസ്ലിം ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന പി ടി എച്ചിന്റെ അജാനൂർ യൂണിറ്റിന്റെ "ഞാനുമുണ്ട് കൂടെ" എന്ന ഫണ്ട്‌ കളക്ഷനുമായി ബന്ധപ്പെട്ടു അവർ നൽകിയ തുക അനൗൺസ് ചെയ്തതിലൂടെയാണ്. കാസറഗോഡ് ജില്ലാ വനിത ലീഗ് സെക്രട്ടറിയും കൊളവയൽ നിസ് വ കോളേജ് പ്രിൻസിപ്പലുമായ ആയിഷ ഫർസാനയാണ് ഇതിന്റെ സൂത്രധാരിയും അഡ്മിനും.വീടകങ്ങളിൽ കഴിയുന്ന സാധാരണ വീട്ടമ്മമാരെ സാമൂഹ്യ സേവന വിദ്യാഭ്യാസ  പ്രവർത്തന മണ്ഡലങ്ങളിൽ പങ്കാളികളാക്കുകയും രാഷ്ട്രീയ സാമൂഹ്യ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപീകരിച്ചത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. പെൺകുട്ടികൾക്ക് മാത്രമായുള്ള മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ നിസ് വ കോളേജിനെയും മഹല്ലുകളിലെ മുതിർന്ന സ്ത്രീകളെയും പരസ്പരം ബന്ധപ്പെടുത്തി വേറിട്ട പ്രവർത്തനങ്ങളും ക്ലാസ്സുകളും നടത്തുവാൻ ഈ കൂട്ടായ്മ ശ്രദ്ധിക്കുന്നു. ഖുർആൻ ക്ലാസുകൾ,'ലവ് അല്ലാഹ്' ക്യാമ്പയിനുകൾ, ആരോഗ്യ ക്ലാസുകൾ, വനിത സ്പെഷ്യൽ ക്ലാസുകൾ, ലഹരി ജാഗ്രത പ്രവർത്തനങ്ങൾ തുടങ്ങിയ കോളേജ് തല പ്രവർത്തനങ്ങൾ നടത്തുവാൻ കൂട്ടായ്മയുടെ സഹകരണം ഏറെ സഹായിച്ചിട്ടുണ്ട്.മാറുന്ന ലോകത്ത് വേറിട്ട കാഴ്ചപ്പാടുകളിലൂടെ ഭാവിയെ നോക്കി കാണുക എന്നത് ഒരു അനുഗ്രഹമാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്പോട്ട് പോകുന്ന കൊളവയൽ മഹൽ സ്ത്രീ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആയിഷ ഫർസാനയോടൊപ്പം  സുഹൃത്തുക്കളായ ഹസീന ഹംസയും ഡോ. ഷഹർബാനയുമാണ്.കൂട്ടായ്മയിലെ ഭൂരിഭാഗം അംഗങ്ങളും അവർക്ക് സഹായമായി കൂടെ നിൽക്കുന്നു.

തീർച്ചയായും മറ്റു മഹല്ലുകളിലും ഇത് മാതൃകയാക്കാവുന്നതാണ്. സ്ത്രീകളിലേക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് കൊണ്ട് പ്രവർത്തനങ്ങൾക്ക് ഒരു ഏകീകരണ സ്വഭാവം ഉണ്ടാക്കുവാനും വ്യത്യസ്ത മേഖലകളിൽ അച്ചടക്കത്തോടെ നിശബ്ദമായി പങ്കാളിയാവാനും അവർക്ക് കഴിയുന്നു. കൂടാതെ വിദ്യാഭ്യാസ സാമൂഹ്യ മേഖലയിലെ ഏത് സംശയങ്ങളും എപ്പോൾ വേണമെങ്കിലും ദൂരീകരിച്ച് കൊടുക്കുവാൻ അവർ സന്നദ്ധരാണ്. ഏറ്റവും അത്ഭുതപ്പെടുത്തിയത് ഏതെങ്കിലും വിധത്തിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിംഗ് നൽകാൻ ഒരു കൗൺസിലറും മെന്ററും കൂടിയായ ആയിഷ ഫർസാനയെ ആവശ്യമുള്ളവർക്ക് ലഭ്യമാവുന്നു എന്നതാണ്.സ്വന്തം മഹല്ലുകളിൽ അതിർ വരമ്പ് നിശ്ചയിക്കാതെ എല്ലാ നന്മയുടെയും ഭാഗമാകുവാൻ അവർ ശ്രദ്ധിക്കുന്നു. ഗൾഫ് നാടുകളിൽ കഴിയുന്ന കൊളവയൽ മഹല്ലിൽപെട്ട സ്ത്രീകളും അവിടെനിന്ന് കൊണ്ട് ഇവർക്ക് വേണ്ട സഹായ സഹകണങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ ഒരു കൂട്ടായ്മയെ ഇതേ ഐക്യത്തോടെ നിലനിർത്തി കൊടുക്കുകയും മറ്റു മഹല്ലുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ അതാത് മഹല്ല് ഭാരവാഹികൾ ശ്രദ്ധിക്കുകയും ചെയ്താൽ   സമുദായത്തിനും സമൂഹത്തിനും അതൊരു നന്മയുടെ പ്രകാശമാകും. 

റിപ്പോർട്ട്‌ : ബഷീർ ചിത്താരി

Post a Comment

0 Comments