സമൂഹത്തെ മുഴുവൻ സ്വന്തക്കാരാക്കി ജീവിച്ച സി എം ഖാദർ ഹാജി. എഴുത്ത് ; ബഷീർ ചിത്താരി

സമൂഹത്തെ മുഴുവൻ സ്വന്തക്കാരാക്കി ജീവിച്ച സി എം ഖാദർ ഹാജി. എഴുത്ത് ; ബഷീർ ചിത്താരി


നമ്മുടെയിടയിൽ നിന്നും നന്നേ അടുപ്പമുള്ളവർ വേർപിരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന സ്വാഭാവികം.
എന്നാൽ നമ്മോട് തോളോട് തോൾ ചേർന്നു ഒരേ പ്രസ്ഥാനത്തിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിച്ച ഒരു ജേഷ്ഠ സഹോദരനെ പോലുള്ള ഒരു വ്യക്തി പെട്ടെന്ന് മണ്മറഞ്ഞു പോകുമ്പോൾ ഉള്ള ശൂന്യത താങ്ങാവുന്നതിൽ അപ്പുറമാണ്.

മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ പ്രിയ സി.എം. ഖാദർ ഹാജി സാഹിബിന്റെ മരണം ഉണ്ടാക്കിയ നൊമ്പരം, ആ മഹാ നഷ്ടം വ്യക്തിപരമായും പാർട്ടി തലത്തിലും അഗാധമായി വേദനിപ്പിക്കുന്നു.

ഖാദർ ഹാജിയുടെ മഹത്വം വിളിച്ചോതുന്നതാണ് അദ്ദേഹം അലങ്കരിച്ച വിവിധ പദവികൾ.

നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, അജാനൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌, ട്രഷറർ, ശാഖാ പ്രസിഡന്റ്‌, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌, സംയുക്ത ജമാഅത്ത്,കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന,സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് തുടങ്ങിയ അനവധി,നിരവധി പദവികളാണ് അദ്ദേഹം കയ്യൊപ്പ് ചാർത്തിയത്.     ചെറു പ്രായത്തിൽ തന്നെ മുസ്ലിം ലീഗിനെ ജീവന് തുല്ല്യം സ്നേഹിച്ച പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മഹൽ വ്യക്തിത്വം, സാമൂഹ്യ സേവനം ആരാധനയായി ഉള്ള് തുറന്ന് കാരുണ്ണ്യ പ്രവർത്തനം രഹസ്യമായി ചെയ്ത് സായൂജ്യം അടയുന്ന പ്രകൃതം.

ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങൾക്കിടയിലും തന്റെ ദുഃഖ ഭാരങ്ങൾ ആരെയും അറിയിക്കാതെ പാൽ പുഞ്ചിരി പൊഴിക്കുന്ന സ്നേഹ നിധിയായ തോഴൻ.

അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ഏതൊരാളോടും വിശാലമായ കാഴ്ചപ്പാടോടെ ഓരോ ആളുടെയും പ്രശ്നങ്ങളോ വേദനയോ വിഷമങ്ങളോ ചോദിച്ചറിഞ്ഞു പരിഹരിക്കാൻ കാണിക്കുന്ന ഉത്സാഹം അദ്ദേഹത്തിന്റെ സ്വഭാവ വിശേഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സ്നേഹത്തോടെ പ്രിയങ്കരമായി സൂക്ഷിക്കുന്ന നല്ലൊരു മാനുഷിയായിരുന്നു ഖാദർച്ച,

മുസ്ലിം ലീഗ് പാർട്ടിയുടെ ഓരോ പ്രവർത്തനവും സാകൂതം ശ്രദ്ധിക്കുന്ന, പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി വിശ്രമമില്ലാതെ ഓടി നടക്കുന്ന ഹാജി ഇനി നമ്മോടൊപ്പം ഇല്ല എന്നത് കാർമേഘം ഇരുൾ പരത്തുന്നു. പാർട്ടി മുഖ പത്രമായ ചന്ദ്രികയോടുള്ള അടുപ്പവും കൂറും വിവരണാതീതമാണ്. തന്റെ സ്വന്തം പണമിറക്കി പലരെയും വരിക്കാരാക്കിയ സംഭവങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്.  മനുഷ്യ നന്മകൾ  എന്നും ചേർത്ത് പിടിച്ച്  സാമൂഹ്യ ഇടപെടലുകളിലൂടെ പൊതു രംഗത്തെ ജീർണതകൾ ഇല്ലാതാക്കാൻ പരിശ്രമിച്ച വ്യക്തിയായിരുന്നു സി.എം  ഹാജി, തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും തുറന്ന് പറയുന്ന പ്രകൃതം. പാർട്ടി പരിപാടികൾക്ക് പുറമെ ദേശീയമായ ആഘോഷങ്ങൾക്ക് നിറം പകരാൻ യുവാക്കളെ സജ്ജമാക്കുന്നതിൽ അതീവ താൽപരൻ ആയിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷങ്ങൾക്ക് ആളും അർത്ഥവും നൽകി പ്രോത്സാഹനം നൽകി വരുന്ന നായകയായിരുന്നു സി.എം, ലീഗിന്റെ സ്ഥാപക ദിനമായാൽ കാലേ കൂട്ടി പാർട്ടി പ്രവർത്തനം സജ്ജമാക്കാനും ആഘോഷങ്ങൾക്ക് നിറ പകിട്ട് നൽകാനും പ്രവർത്തകരെ ഓർമ്മിപ്പിച്ചിരുന്നു. ലാളിത്യം നിറഞ്ഞ മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിച്ചു വശ്യമായ പുഞ്ചിരിയോടെ പ്രായാവ്യത്യാസമന്യേ ജനങ്ങളെ സമീപിച്ച ജനങ്ങൾക്ക് ആദരവ് നൽകി ജനങ്ങളിൽ നിന്നും ആദരവ് തിരിച്ചു വാങ്ങിയ നേതാവ്.

ഓരോ വ്യക്തിയോടും വശ്യ മനോഹരമായി പെരുമാറിയും വലിപ്പ ചെറുപ്പ വ്യത്യാസം ഇല്ലാതെ സഹവസിച്ച ഖാദർ ഹാജി  പൊതു സേവനം ചെയ്യുന്നവർക്ക് ഉദാത്ത മാതൃക കാട്ടിയ വ്യക്തി,മത പരമായ കാര്യത്തിലും 

കച്ചവട രംഗത്തും കുടുംബ ജീവിതത്തിലും ഉന്നതമായ സ്വഭാവ വിശേഷണങ്ങൾ കൊണ്ട് സമ്പുഷ്ടവും മാതൃകാ പരമായിരുന്നു ആ ജീവിത യാത്ര.

മനുഷ്യരോട് വെറുപ്പ്‌ കൂടാതെ അവരിൽ ഒരാളായി സ്വഭാവ വിശുദ്ധിയോടെ ജീവിച്ചു മറഞ്ഞു പോവുക എന്നതും പുണ്ണ്യകരമായ ജീവിതത്തിന്റെ അടയാളമായി നമുക്ക് കണക്കാക്കാം. ഉന്നത ചിന്തകൾ കാത്ത് സൂക്ഷിക്കുന്നവർക്ക് മാത്രമേ ഉന്നത മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ സാധിക്കുകയുള്ളൂ എന്നത് പ്രകൃതി നിയമമാണല്ലോ.

സാമൂഹ്യ ബന്ധങ്ങൾ ജീവിതത്തിൽ ഉടനീളം കാത്ത് സൂക്ഷിച്ച് എല്ലാവരെയും സ്വന്തക്കാരാക്കി ഇന്ദ്രജാലം സൃഷ്ടിച്ച സി.എം ഖാദർ ഹാജി ജന മനസ്സുകളിൽ മറക്കാത്ത തേജസ്സായി ജീവിക്കും എന്ന് ആശ്വസിക്കാം.

യാത്ര പോകാൻ ഇനിയും ഏറെ വർഷങ്ങൾ ബാക്കി നിൽക്കെ ഈ യാത്ര ഒരു നാടിനെയും പ്രസ്ഥാനത്തിനെയും മുഴുവൻ ദുഖത്തിലും നിരാശയിലും ആഴ്ത്തി കളഞ്ഞു.

സർവ്വ ശക്തന്റെ അലങ്കനീയമായ തീരുമാനം, അത് മറികടക്കാൻ ആർക്കും സാധ്യമല്ലല്ലോ.

ഇനി പ്രാർത്ഥനയുടെ നിമിഷങ്ങളാണ്. അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തുഷ്ടി നിറഞ്ഞതും വിശാലമാക്കാനും പ്രാർത്ഥിക്കാം. അതോടൊപ്പം സന്തപ്ത കുടുംബത്തിന് ഈ നഷ്ടം താങ്ങാനുള്ള ശക്തിയും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ !... 


Post a Comment

0 Comments