കാസർകോട് ഇനി ഐ.എസ്.ഒ അംഗീകൃത നഗരസഭ; ഐ.എസ്.ഒ, ജി.ഐ.എസ് മാപ്പിംഗ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

കാസർകോട് ഇനി ഐ.എസ്.ഒ അംഗീകൃത നഗരസഭ; ഐ.എസ്.ഒ, ജി.ഐ.എസ് മാപ്പിംഗ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിച്ചു



കാസർകോട്: കാസർകോട് നഗരസഭ ഇനി ഐ.എസ്.ഒ (International Organization for Standardization) അംഗീകൃത നഗരസഭ. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കേഷൻ പ്രൊജക്റ്റിന്റെയും നഗരസഭയുടെ ഭൗമവിവരങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന ജി.ഐ.എസ് (ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം) മാപ്പിംഗ് പദ്ധതിയുടെയും പ്രഖ്യാപനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിർവ്വഹിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഖാലിദ് പച്ചക്കാട്, റീത്ത ആർ, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാരായ സവിതാ ടീച്ചർ, ലളിത എം, രഞ്ജിത എ, മുൻ നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.എം. കടവത്ത്, മുനിസിപ്പൽ എഞ്ചിനീയർ ദിലീഷ് എൻ.ഡി, സുഗേഷ് സോമൻ (ജി.ഐ.എസ്. പ്രതിനിധി), പ്രീതി എം.പി (ഐ.എസ്.ഒ. പ്രതിനിധി) തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ ''ബെസ്റ്റ് പി.എൽ.വി ഇൻ പ്രിസൻ'' അവാർഡ് നേടിയ കാസർകോട് നഗരസഭ ശുചിത്വ മിഷൻ ആർ.പി താജുദ്ദീൻ ചേരങ്കൈയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. സെക്രട്ടറി ഇൻചാർജ്ജ് ലതീഷ് കെ.സി. നന്ദി പറഞ്ഞു.


പൊതുസേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. റെക്കോർഡ് സംവിധാനം കൃത്യമാക്കുക, ഫ്രണ്ട് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഓഫീസ് മാനേജ്‌മെന്റ് സംവിധാനം കൃത്യമാക്കുക, സേവന ഗുണമേന്മ ഉറപ്പുവരുത്തുക, ജീവനക്കാരുടെ കാര്യശേഷി വർധിപ്പിക്കുക എന്നീ കാര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. 

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ നഗരസഭാ  പരിധിയിലെ മുഴുവൻ മനുഷ്യ-പ്രകൃതി വിഭവ വിവരങ്ങളും ശേഖരിച്ചു ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാകും വിധം വെബ്പോർട്ടലിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ജി.ഐ.എസ് മാപ്പിംഗ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. വീടുകൾ, കെട്ടിടങ്ങൾ, റോഡ്, നടപ്പാത, ലാന്റ് മാർക്ക്, പാലം, ഡ്രെയിനേജ്, കനാൽ, കൾവെർട്ട്, റോഡ് ജംഗ്ഷൻ, ഡിവൈഡർ, റോഡ് സിഗ്നൽ, പാർക്കിംഗ് ഏരിയ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ വെബ് പോർട്ടലിൽ ഒരുക്കുകയാണ് ചെയ്യുന്നത്. തരിശ് നിലങ്ങൾ, വയലുകൾ, തണ്ണീർതടങ്ങൾ എന്നിവയുടെ പൂർണ്ണ വിവരങ്ങളും ഇതിലുണ്ടാകും. ഇതോടെ കാസർകോട് നഗരസഭ ഭരണ നേട്ടങ്ങളിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്.

Post a Comment

0 Comments