അൽ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അൽ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു


ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അൽ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടു. മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയാണ്. സെൻട്രൽ ഗസ്സയിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഇദ്ദേഹത്തിന്‍റെ വീടിനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.


ഇസ്രായേൽ രൂക്ഷ ആക്രമണം തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ 100 പേരാണ് കൊല്ലപ്പെട്ടത്. 286 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖാൻ യൂനിസിലെ അൽ നസർ ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നിരവധി പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടു.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. കൂടാതെ, 16 പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു.


ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. ഇതിൽ 8,800 പേർ കുട്ടികളാണ്. ഗസ്സ മുനമ്പിലെ 70 ശതമാനം വീടുകളും ഇസ്രായേൽ ബോംബിട്ട് തകർത്തിട്ടുണ്ട്.


അതേസമയം, ചെങ്കടലിൽ വീണ്ടും വ്യാപാരക്കപ്പലിന് നേർക്ക് ആക്രമണമുണ്ടായി. സിംഗപ്പൂരിൽ നിന്ന് ഈജിപ്തിലെ പോർട്ട് സൂയസിലേക്കുള്ള യാത്രാമധ്യേ തെക്കൻ ചെങ്കടലിൽ വെച്ച് ഹാങ്‌സൗ എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്.

Post a Comment

0 Comments