കാഞ്ഞങ്ങാട് കുശാൽനഗർ റെയിൽവേ മേൽപ്പാലം യാഥാർഥ്യത്തിലേക്ക്; രൂപരേഖയ്ക്ക് അന്തിമാനുമതി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് കുശാൽനഗർ റെയിൽവേ മേൽപ്പാലം യാഥാർഥ്യത്തിലേക്ക്; രൂപരേഖയ്ക്ക് അന്തിമാനുമതികാഞ്ഞങ്ങാട് : കെ-റെയിൽ വരുമെന്നുപറഞ്ഞ് ഒരുഘട്ടത്തിൽ ചുവപ്പുകൊടി കാട്ടിയ കുശാൽനഗർ റെയിൽവേ മേൽപ്പാലത്തിന് വീണ്ടും പച്ചക്കൊടി. മേൽപ്പാലത്തിന്റെ രൂപരേഖയ്ക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ കാര്യാലയത്തിൽനിന്ന്‌ അനുമതി ലഭിച്ചു.


ലെവൽക്രോസിലെയും അനുബന്ധ സ്ഥലങ്ങളിലെയും മണ്ണ്‌ പരിശോധനയും ട്രാഫിക് സർവേയുമുൾപ്പെടെ പ്രാഥമികഘട്ടങ്ങളെല്ലാം നേരത്തേ പൂർത്തിയായിരുന്നു. തുടർന്ന് രൂപരേഖ തയ്യാറാക്കി റെയിൽവേയുടെ പാലക്കാട് ഡിവിഷണൽ കാര്യാലയത്തിലേക്കയച്ചു. അവിടെ പാസാക്കിയ രൂപരേഖ അന്തിമാനുമതിക്കായി ചെന്നൈയിലെ ദക്ഷിണ റെയിൽവേ മനേജരുടെ കാര്യാലയത്തിലേക്ക് അയച്ചപ്പോഴേക്കും കെ-റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നു.

ഇതോടെ കുശാൽനഗർ മേൽപ്പാലത്തിന്റെ രൂപരേഖയുടെ ഫയലിന് ചുവപ്പുനാട മുറുകി. കർമസമിതിയുടെയും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെയും ഇടപെടൽ കനപ്പെട്ടതോടെ ചുവപ്പുനാട അയഞ്ഞ്, രൂപരേഖയ്ക്ക് അന്തിമാനുമതിയായി.ചെലവ് 35.16 കോടി; ഇനി സ്ഥലമേറ്റെടുക്കൽ


സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 35.16 കോടി രൂപയാണ് കുശാൽനഗർ മേൽപ്പാലത്തിന്റെ അടങ്കൽ. 21 ഉടമകളിൽനിന്നായി ഒരേക്കറിലധികം സ്ഥലമേറ്റെടുക്കണം. രൂപരേഖയ്ക്ക് അന്തിമാനുമതി ലഭിച്ചതിനാൽ ഇനി സ്ഥലമേറ്റെടുക്കൽ നടപടിയിലേക്ക് കടക്കും. 2014-ലെ റെയിൽവേ ബജറ്റിലാണ് കുശാൽനഗർ മേൽപ്പാലം നിർമാണത്തിന് അനുമതിയായത്.

10 ലക്ഷം രൂപ ആ ബജറ്റിൽ നീക്കിവെച്ചിരുന്നു. അന്നത്തെ എം.പി. പി.കരുണാകരന്റെ ഇടപെടലാണ് പദ്ധതിയെ ട്രാക്കിലാക്കിയത്.


ഇ.ചന്ദ്രശേഖരൻ എം.എൽ.എ., മുൻ നഗരസഭാധ്യക്ഷൻ വി.വി.രമേശൻ, മുൻ നഗരസഭാ കൗൺസിലർ കെ.മുഹമ്മദ് കുഞ്ഞി, കെ.പി.മോഹനൻ, സന്തോഷ് കുശാൽനഗർ, അബ്ദുൾ സത്താർ തുടങ്ങി ഒട്ടേറെപ്പേർ ആലോചനായോഗം നടത്തുകയും പിന്നീട് കർമസമിതി നിലവിൽവരികയുമായിരുന്നു.


കാഞ്ഞങ്ങാടിന് സമ്മാനം; തീരദേശത്തിന് ആഹ്ലാദം


കുശാൽനഗർ റെയിൽവേ മേൽപ്പാലത്തിന് അന്തിമാനുമതി ലഭിച്ചത് കാഞ്ഞങ്ങാട്ടുകാർക്ക് പുതുവർഷസമ്മാനമായി. കാഞ്ഞങ്ങാട്ടുനിന്ന്‌ തീരപ്രദേശങ്ങളിലേക്ക്‌ പ്രധാനമായും മൂന്ന്‌ റോഡുകളാണുള്ളത്.


കോട്ടച്ചേരി, ഇക്‌ബാൽ ജങ്‌ഷൻ, കുശാൽനഗർ എന്നിവയാണിവ. ഇതിൽ കോട്ടച്ചേരിയിൽ മേൽപ്പാലം വന്നു. ഇതോടെ തീരദേശക്കാരുടെ യാത്രാദുരിതം പാതി പരിഹരിക്കപ്പെട്ടു.

Post a Comment

0 Comments