രാജ്യത്ത് സർവീസ് നടത്തുന്ന ഭൂരിഭാഗം വന്ദേ ഭാരത് എക്സ്പ്രസുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുമെന്നതിനാൽ മുൻകൂട്ടി തന്നെ ആളുകൾ വന്ദേ ഭാരത് ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരതുകൾക്കും സർവീസ് ആരംഭിച്ച ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് ശബരിമലയിലേക്ക് ചെന്നൈയിൽ നിന്ന് പ്രഖ്യാപിച്ച സ്പെഷ്യൽ വന്ദേ ഭാരത് മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായാണ് ഓടിയത്. ഇപ്പോൾ കേരളത്തിന് മൂന്നാമതൊരു വന്ദേ ഭാരത് ലഭിക്കാനുള്ള സാധ്യതകളാണ് ചർച്ചയാകുന്നത്. മംഗളൂരു - മഡ്ഗാവ് വന്ദേ ഭാരത് കണ്ണൂരേക്കോ, കോഴിക്കോടേക്കോ നീട്ടാനാണ് സാധ്യത.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ചയാണ് മംഗളൂരു - മാഡ്ഗാവ് (ഗോവ) വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ ആദ്യ ആഴ്ചയിൽപോലും സെമി ഹൈസ്പീഡ് ട്രെയിനിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടില്ല. നിലവിൽ മുപ്പതുശതമാനത്തിലേറെ ടിക്കറ്റുകൾ കാലിയായാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ ട്രെയിൻ കേരളത്തിലേക്ക് നീട്ടി സർവീസ് ലാഭകരമാക്കാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ വന്ദേ ഭാരത് കണ്ണൂരിലേക്ക് നീട്ടണമെന്ന് ആവശ്യമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ റെയിൽവേ ഇതിന് തയ്യാറായേക്കും.
0 Comments