സുവർണ്ണ ജൂബിലി ആഘോഷത്തിനൊരുങ്ങി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്; ആലോചനയോഗം ചൊവ്വാഴ്ച

LATEST UPDATES

6/recent/ticker-posts

സുവർണ്ണ ജൂബിലി ആഘോഷത്തിനൊരുങ്ങി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്; ആലോചനയോഗം ചൊവ്വാഴ്ച


കാഞ്ഞങ്ങാട്:ഈ വർഷം അമ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു.ആഘോഷത്തെക്കുറിച്ചും വിവാഹാഘോഷങ്ങളിലെ ആഭാസങ്ങൾ നിയന്ത്രിക്കാനുതകുന്ന ക്രിയാത്മക നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയുള്ള സംയുക്ത ജമാ അത്ത് വിശേഷാൽ യോഗം ഈ മാസം ആറിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ ചേരും.അംഗ മഹല്ല് പ്രെസിഡന്റ്,ജനറൽ സെക്രെട്ടറി,ട്രെഷറർ,മഹല്ല് ഖത്തീബുമാർ.ഓരോ മഹല്ലിൽ നിന്നും സംയുക്ത ജമാ അത്ത് പ്രവർത്തക സമിതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.കാഞ്ഞങ്ങാട് മേഖലയിലെ മുസ്‌ലിം സമൂഹം മതകാര്യങ്ങളിലെ മാർഗ്ഗദർശനത്തിന് അവലംബിച്ചിരുന്ന അതിഞ്ഞാൽ ഖാദിയും പ്രഗത്ഭ പണ്ഡിതനുമായിരുന്ന കെ എച് മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ വിയോഗാനന്തരം മത സാമൂഹ്യ രംഗത്തെ ഉലമാ ഉമറാ നേതൃത്വത്തിന്റെ ചിന്തയിൽ നിന്നാണ് കേരളത്തിലെ ആദ്യത്തെ സംയുക്ത ജമാ അത്ത് സംവിധാനമായി കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് പിറവി കൊള്ളുന്നത്.പി എ അബ്ദുല്ല മൗലവിയായിരുന്നു ആദ്യ ഖാദി.സയ്യിദ് അബൂബക്കർ യു കെ ആറ്റക്കോയ തങ്ങൾ ഒരു ദശാബ്ദത്തിലേറെ ഖാദിയായി പ്രവർത്തിച്ചു.ഒന്നര പതിറ്റാണ്ടിലേറെയായി സമസ്ത അദ്ധ്യക്ഷൻ കൂടിയായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഖാദിയായി നേതൃത്വം നൽകി വരുന്നു.സമുദായത്തിന്റെ ഐക്യവും സമുദായങ്ങൾക്കിടയിലെ സൗഹൃദവും കാത്തു സൂക്ഷിച്ചു കൊണ്ട് കൗടുംബികവും സാമൂഹികവുമായ സുസ്ഥിതി നിലനിർത്താൻ മാതൃകാ പരമായി പ്രവർത്തിച്ചു വരുന്ന സംയുക്ത ജമാ അത്ത് സുവർണ്ണ ജൂബിലി സംഘടനയുടെ പ്രൗഡിക്കൊത്ത ഗാംഭീര്യത്തോടെ ആവിഷ്കരിക്കാനാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത്.10 വർഷം മുമ്പ് അന്നത്തെ പ്രെസിഡന്റ് പരേതനായ മെട്രോ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന നാല്പതാം വാർഷികം ഐതിഹാസികമായിരുന്നു.കേരളത്തിലാദ്യമായി വിവാഹ ആഡംബരങ്ങൾക്കെതിരെ നിലപാട് സ്വീകരിച്‌ മാതൃക കാട്ടിയതും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്താണ്.ഇതിനകം അഞ്ഞൂറോളം നിർധന യുവതികൾക്ക് വിവാഹ സഹായമായി അഞ്ചു കോടിയോളം രൂപ നൽകിക്കഴിഞ്ഞ ശിഹാബ് തങ്ങൾ മാങ്ങല്യ നിധി സംഘടനയുടെ പൊൻ തിളക്കത്തിന് മാറ്റു കൂട്ടുന്നതാണ്.ആറിന് നടക്കുന്ന ആലോചനാ യോഗത്തിൽ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് പ്രെസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി,ജനറൽ സെക്രെട്ടറി ബഷീർ വെള്ളിക്കോത്ത്,ട്രെഷറർ എം കെ അബൂബക്കർ ഹാജി അഭ്യർത്ഥിച്ചു.

Post a Comment

0 Comments