പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. നിപ - കോവിഡ് പോലെയുള്ള മഹാമരികളെയും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കാൻ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ആണ് മുഖ്യമന്ത്രി ഓൺലൈൻ ആയി നിർവഹിച്ചത്. 39 ഐസൊലേഷൻ വാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനവും,42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും, അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനവും ആണ് വെള്ളിയാഴ്ച നടന്നത്.
ജില്ലയിൽ രണ്ട് ഐസൊലേഷൻ വാർഡുകളുടെയും ഒരു നഗര ആരോഗ്യ കേന്ദ്രത്തിന്റയും ഉദ്ഘാടനമാണ് നടന്നത്. ആദ്യഘട്ടത്തിൽ 10 ഐസൊലേഷൻ വാർഡുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർപെഴ്‌സൺ കെ.സീത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എം.കെ ബാബുരാജ്, എ.ദാമോദരൻ, എം.ജി.പുഷ്പ, പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ സുമ കുഞ്ഞികൃഷ്‌ണൻ, പെരിയ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഡി.ജി.രമേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദ് പെരിയ, അബ്ദുൽ ഖാദർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സജ്ജമായത് ആധുനിക മെഡിക്കൽ സൗകര്യങ്ങളോട് കൂടിയ ഐസൊലേഷൻ വാർഡ്
പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സജ്ജമായത് 1.76 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച ആധുനിക മെഡിക്കൽ സാകര്യങ്ങളോട് കൂടിയ ഐസൊലേഷൻ വാർഡ്. 50 ശതമാനം എം.എല്‍.എ. ഫണ്ടും 50 ശതമാനം കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്.
2400 സ്ക്വയർ ഫീറ്റിൽ പ്രീ-ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിച്ച കെട്ടിടവും ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഈ പദ്ധതി വഴി ലഭ്യമാക്കിയിട്ടുണ്ട്.10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രസിംഗ് റൂം, നഴ്സ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ എന്നിവ ഐസോലേഷൻ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്.
നിപ, കോവിഡ് പോലെയുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്നും മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുവേണ്ടി സംസ്ഥാനത്ത് 140 ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 50 ശതമാനം
എം.എല്‍.എ. ഫണ്ടും 50 ശതമാനം കിഫ്ബി ഫണ്ടും ഉപയോഗിച്ച് 250 കോടി രൂപയാണ് മൊത്തം പദ്ധതിക്കായി ചിലവഴിക്കുന്നത്.
0 Comments