യുഎഇ യിൽ മഴയ്ക്ക് ശമനമില്ല; റദ്ദാക്കിയത് 50-ഓളം വിമാന സര്‍വീസുകള്‍

LATEST UPDATES

6/recent/ticker-posts

യുഎഇ യിൽ മഴയ്ക്ക് ശമനമില്ല; റദ്ദാക്കിയത് 50-ഓളം വിമാന സര്‍വീസുകള്‍




ദുബായ്: കനത്ത മഴയെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് നീങ്ങിയത്. കൂടാതെ രാജ്യമെങ്ങും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ ദുബായില്‍ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

കേരളത്തില്‍നിന്നുള്ള സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. ഫ്ളൈ ദുബായുടെയും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും കൊച്ചി-ദുബായ് സര്‍വീസ്, ഇന്‍ഡിഗോ കൊച്ചി-ദോഹ സര്‍വീസ്, എയര്‍അറേബ്യയുടെ കൊച്ചി-ഷാര്‍ജ എന്നിവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

എയര്‍അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളെല്ലാം ഇന്നലെ വൈകീട്ട് മുതല്‍ മുടങ്ങി. എന്നാല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ടെന്നാണ് യാത്രക്കാര്‍ നല്‍കുന്ന വിവരം. പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇത്തിഹാദും, എമിറേറ്റ്സും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ 10 മണിവരെയുള്ള ഫ്ളൈദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നതായി ഇന്നലെ രാത്രി തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമായും ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ക്കാണ് തടസ്സം നേരിട്ടത്.

കൂടുതല്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടിരുന്നതിനാല്‍ ഇന്ന് (ബുധന്‍) രാവിലെ വരെ യു.എ.ഇയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നു. ചില പ്രദേശങ്ങളില്‍മാത്രം ഉച്ചവരെ നേരിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്ന വിവരം.

Post a Comment

0 Comments