ഗസാ സിറ്റി: ഹമാസ് പോരാളികളുടെ പ്രതിരോധം ശക്തമായതോടെ ഗസയിലേക്ക് കൂടുതല്‍ സൈനിക ബ്രിഗേഡുകളെ അയക്കാന്‍ ഇസ്രായേല്‍. 15 ലക്ഷത്തോളം ഫലസ്തീനികള്‍ അഭയം തേടിയിട്ടുള്ള തെക്കന്‍ ഗസയില്‍ നിന്ന് ഇതിനകം ആറ് ലക്ഷത്തോളം പേര്‍ മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങി. സിവിലിയന്‍മാരെ കൂട്ടക്കുരുതി നടത്തി മുന്നേറുന്ന ഇസ്രായേലി സൈന്യത്തിനെതിരേ ശക്തമായ ചെറുത്ത് നില്‍പ്പാണ് റഫയില്‍ നടക്കുന്നത്.
അതേസമയം, പോരാളികളുടെ മിന്നലാക്രമണത്തില്‍ പരിഭ്രാന്തരായ ഇസ്രായേലി സൈന്യം അബദ്ധത്തില്‍ സ്വന്തം സൈനികരെ തന്നെ വെടിവച്ചുകൊന്നു. സംഭവത്തില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേലി സൈന്യം അറിയിച്ചു.
പാരാട്രൂപ്പര്‍മാരും ടാങ്കുകളും ചേര്‍ന്ന് നടത്തിയ സൈനിക ഓപ്പറേഷനിടെയാണ് ഇസ്രായേല്‍ സ്വന്തം സൈനികരെ വെടിവച്ചു കൊന്നത്. പാരാട്രൂപ്പര്‍മാര്‍ തമ്പടിച്ചിട്ടുള്ള കെട്ടിടത്തിനു നേര്‍ക്ക് ടാങ്കില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരന്നു. കെട്ടിടത്തിനകത്ത് തോക്കിന്റെ ബാരല്‍ കണ്ട സൈനികര്‍ അത് ഫലസ്തീന്‍ പോരാളികളാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത്.
ആശുപത്രിക്കും വീടുകള്‍ക്കും ബോംബിട്ട് ഇസ്രായേല്‍
ഇന്നലെ രാവിലെ ഗസയിലെ യുഎന്‍ ആശുപത്രിക്കു മുകളിലും നിരവധി വീടുകളിലും ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ ബോംബിട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 20ലേറെ പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60ഓളം ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒക്ടോബര്‍ 7ന് ശേഷം കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ എണ്ണം 35,233 ആയി.
അതിനിടെ, ഉത്തര ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേലി സൈനികരും ഫലസ്തീന്‍ പോരാളികളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. ഇവിടെ 1,16,000ഓളം പേര്‍ കഴിയുന്നുണ്ട്. ഏഴര ലക്ഷത്തോളം പേര്‍ സ്വന്തം വീടുകളില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട നഖ്ബയുടെ ഓര്‍മ പുതുക്കുന്നതിനിടെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമായിരിക്കുന്നത്.
ജബലിയയില്‍ ശക്തമായ ചെറുത്തുനില്‍പ്പ്
ഏഴ് മാസത്തിനിടെ നടന്ന ഗസ അധിനിവേശത്തിലെ ഏറ്റവും ശക്തമായ പോരാട്ടമാണ് ജബലിയയില്‍ നടക്കുന്നതെന്നാണ് റിപോര്‍ട്ട്. ശക്തമായ ചെറുത്ത് നില്‍പ്പില്‍ ബുധനാഴ്ച്ച മാത്രം ഇവിടെ 12 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഡസന്‍ കണക്കിന് കവചിത വാഹനങ്ങള്‍ തകര്‍ത്തു. ജബലിയയിലും റഫയിലും പോരാളികള്‍ സൈന്യവുമായി നേര്‍ക്കു നേരെ ഏറ്റുമുട്ടുന്ന വീഡിയോകള്‍ ഹമാസ് പുറത്തുവിട്ടു.
അപ്രതീക്ഷിതമായി തുരങ്കങ്ങള്‍ വഴി എത്തുന്ന പോരാളികള്‍ ടാങ്കുകള്‍ക്ക് താഴെ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതും തോളിലേന്തുന്ന മിസൈല്‍ വിക്ഷേപിണികള്‍ ഉപയോഗിച്ച് ടാങ്കുകള്‍ തകര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ഹമാസ് ആക്രമണത്തില്‍ വെള്ളിയാഴ്ച്ച മുതല്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇസ്രായേല്‍ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ഇതിലും എത്രയോ കൂടുതലാണ്.
0 Comments