ഒമര്‍ ലുലുവിനെതിരെ ബലാത്സംഗക്കേസ്; പലതവണ ബലാത്സംഗം ചെയ്തുവെന്ന് മലയാളത്തിലെ യുവനടിയുടെ പരാതി

ഒമര്‍ ലുലുവിനെതിരെ ബലാത്സംഗക്കേസ്; പലതവണ ബലാത്സംഗം ചെയ്തുവെന്ന് മലയാളത്തിലെ യുവനടിയുടെ പരാതി



കൊച്ചി: സിനിമാ സംവിധായകന്‍ ഒമര്‍ ലുലു പലതവണ ബലാത്സംഗം ചെയ്തുവെന്ന് മലയാളത്തിലെ യുവനടിയുടെ പരാതി. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. അതേസമയം പരാതിയിൽ കേസെടുത്ത കാര്യം നെടുമ്പാശ്ശേരി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.


ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക, നല്ല സമയം തുടങ്ങിയവയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രങ്ങൾ. ഏഷ്യനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ അഞ്ചിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടിയായിരുന്നു ഒമര്‍ ലുലു. നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് റേഞ്ച് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എക്‌സൈസിന്റെ പരാതി. തുടർന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments