തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പെൺകുട്ടി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പൊലീസ്. കേസിൽ അറസ്‌റ്റിലായ നെടുമങ്ങാട് സ്വദേശി ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നതായും പിന്നാലെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.ഗുളികകൾ കഴിപ്പിച്ച് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതിന് ശേഷവും ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു. ഇതിനുപിന്നാലെ സുഹൃത്തുക്കളുടെ സഹായത്തോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതി പെൺകുട്ടിയെ അപകീര്‍ത്തിപ്പെടുത്തി. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
വർക്കലയിലെ ഒരു റിസോർട്ടിൽ കൊണ്ടുപോയാണ് ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ പിരിഞ്ഞത്. ഇതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ പ്രചരണമുണ്ടായി.സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാൻ വേണ്ടി ബിനോയിയെ കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.ബിനോയിയുമായി പിരിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന പെൺകുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്.
0 Comments