മലപ്പുറം വളാഞ്ചേരിയില്‍ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം ബലാത്സംഗംചെയ്തുവെന്നാണ് പരാതി. ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
ഈ മാസം 16 നാണു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ ആയിരുന്നു യുവതി . രാത്രി 3 പേർ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതി. മാനസിക സമ്മർദത്തിൽ ആയിരുന്ന യുവതി സുഹൃത്തിനോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വളാഞ്ചേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു.
അതിക്രമം നടത്തിയവരെ കണ്ടാൽ അറിയുമെന്നും യുവതി മൊഴി നൽകി. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി എടുക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
0 Comments